കഥാകൃത്ത് തോമസ് ജോസഫ് നിര്യാതനായി
text_fieldsആലുവ: കഥാകൃത്ത് തോമസ് ജോസഫ് (67) നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി കിടപ്പിലായിരുന്നു. 'മരിച്ചവര്‍ സിനിമ കാണുകയാണ് ' എന്ന ചെറുകഥ 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.
മൃഗയ അവാർഡ് (1984), എസ്ബിടി സാഹിത്യ പുരസ്കാരം(1996), കെ എ കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരം., വി പി ശിവകുമാർ സ്മാരക കേളി അവാർഡ് (2003), 2009ല്‍ കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. നോവല്‍ വായനക്കാരന്‍, ഒരു ഇരുണ്ട സസ്യമായി ചുറ്റിപിണഞ്ഞ്, പരലോക വാസസ്ഥലങ്ങള്‍, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, ചിത്രശലഭങ്ങളുടെ കപ്പല്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍ എന്നിവ പ്രധാന കൃതികളാണ്. ചന്ദ്രിക, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങളില്‍ ജോലി ചെയ്തു. ആകെ സമ്പാദ്യമായ കീഴ്മാടുള്ള 10 സെന്റും വീടും ഈടു നല്‍കി വായ്പഎടുത്തിരുന്നു. 2018 സെപ്റ്റംബര്‍ 15 ന് തോമസ് ജോസഫ് അബോധാവസ്ഥയിലായത്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും ഇടതുവശം പൂര്‍ണമായും തളര്‍ന്നു. വലതു കൈയ്യും കാലും ചെറുതായി അനക്കാന്‍ കഴിയുന്ന അവസ്ഥയിലാവുകയും ചെയ്തു.
ഭാര്യയുടെ ഇ.എസ്.ഐ. ആനുകൂല്യങ്ങളും സുഹൃത്തുകളുടേയും എഴുത്തുകാരുടേയും കൂട്ടായ്മകള്‍ രൂപീകരിച്ചും സര്‍ക്കാര്‍ സഹായം തേടിയുമാണ് ചികിത്സ നടത്തിയിരുന്നത്. വ്യവസായ മേഖലയായ ഏലൂരിൽ തോമസിൻറെയും മേരിയുടേയും മകനായി ജനിച്ചു.
ഫാക്റ്റ് സ്കൂളിലും കളമശേരി സെന്‍റ് പോൾസ് കോളജിലുമായി വിദ്യാഭ്യാസം. ഫാക്ട് ഹൈ സ്കൂൾ ആനുവലിലാണ് ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത്. എഴുത്തിൻറെ തുടക്കത്തിൽ അന്വേഷണത്തിലും, വീക്ഷണത്തിലും, സമീപനത്തിലും കഥ മാസികയിലും എഴുതി. 1980 കളുടെ തുടക്കത്തിൽ നരേന്ദ്രപ്രസാദിന്റെയും വി. പി. ശിവകുമാന്റെയും പത്രാധിപത്യത്തിൽ തിരുവനന്തപുരത്തുനിന്ന് ഇറങ്ങിയ സാങ്കേതം' മാസികയിൽ അത്ഭുത സമസ്യ പ്രസിദ്ധീകരിച്ചതോടെ മലയാള കഥാസാഹിത്യത്തിൽ ശ്രദ്ധേയനായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ മലയാളകഥയിൽ ഗവേഷണം നടത്തിയിരുന്ന എ. ജെ. തോമസ് അത്ഭുത സമസ്യ ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്തു. ഹരിതം ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
1984 മുതൽ മാതൃഭൂമി ഞായറാഴ്ച പതിപ്പിലും, കലാകൗമുദിയിലും നിരന്തരമായി കഥകൾ എഴുതിയിരുന്നു. ചിത്രശലഭങ്ങളുടെ കപ്പൽ, പശുവുമായി നടക്കുന്ന ഒരാൾ, ഒരു തീവണ്ടിയുടെ ഏകാന്തത അളക്കാൻ ആർക്ക് കഴിയും? തുടങ്ങിയ കഥകൾ ഇന്ത്യൻ ലിട്രേറ്റീവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . സക്കറിയയും എ.ജെ.തോമസുമാണ് കഥകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് . സാത്താൻ ബ്രഷ് ജർമൻ ഭാഷയിലേക്ക് ട്രാൻസിലേറ്റ് ചെയ്തത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: റോസിലി, മക്കള്‍: ദീപ്തി മരിയ, ജെസ്സെ, മരുമക്കള്‍: പ്രിന്‍സ്, ദില്‍നു. സംസ്‌കാരം വെള്ളിയാഴ്ച കളമശേരിയില്‍ നടക്കും. ക്യാപ്ഷൻ തോമസ് ജോസഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.