എ ടു ഇസഡ്, ഫൊൽക്രം, ജിൽജിൽ, വനസാഗര വ്യോമറാണി -ഒരച്ഛൻ മക്കൾക്കിട്ട വിചിത്ര പേരുകൾ...
text_fieldsഒരു പേരിലെന്തിരിക്കുന്നു? ഈ ചോദ്യം ഇനി ഉന്നയിക്കുംമുമ്പ് ഈ കഥയൊന്നു വായിക്കണം. ഒരിടത്തൊരിടത്ത് ഒരു അച്ഛനുണ്ടായിരുന്നു. അദ്ദേഹം മക്കൾക്കിട്ട പേര് ഇങ്ങനെയാണ്. മൂത്ത മകൻ എ ടു ഇസഡ്, രണ്ടാമത്തെയാൾ ഫൊൽക്രം, മൂന്നാമത്തെയാൾ ജിൽജിൽ, ഏറ്റവും ഇളയ മകൾ വനസാഗര വ്യോമറാണി... ജാതി, മത ചിഹ്നങ്ങൾ 'ശരീരത്തിൽ കെട്ടി' നടക്കുന്നവരുടെ കാലത്ത്, തൻെറ മക്കൾ ജാതിയുടെയോ മതത്തിൻെറയോ പേരിൽ അറിയപ്പെടരുതെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം ഈ വിചിത്ര പേരുകൾ മക്കൾക്ക് സമ്മാനിച്ചത്.
കാസർകോട് ഗവ. കോളജിൽ ലൈബ്രേറിയനായിരുന്ന ജെ. മാണിക്കം ആയിരുന്നു ആ പിതാവ്. നല്ല ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം മക്കൾക്ക് ഈ പേരിട്ടതെങ്കിലും പേരിൻെറ വിചിത്ര സ്വഭാവം മൂലം ഏറെ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് ഈ മക്കൾക്ക്. 'പേര് പുറത്തുപറയാൻ പറ്റാത്ത അവസ്ഥ ഞങ്ങൾക്ക് ജീവിതത്തിൻെറ പല ഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ട്. സാധാരണയായി ക്രിസ്ത്യാനികൾക്ക് പള്ളിയിലും വീട്ടിലുമായി രണ്ട് പേരുകൾ ഉണ്ടാകാറുണ്ട്. പക്ഷേ, ഞങ്ങൾക്ക് സ്കൂൾ രേഖകളിലും സർട്ടിഫിക്കറ്റുകളിലും ഒരേ പേരാണ്. ഇതുകാരണം എന്നെക്കാളുപരി സഹോദരങ്ങൾക്ക് പിൽക്കാലത്ത് പല പ്രയാസങ്ങളുമുണ്ടായി'- മാണിക്കത്തിൻെറ മക്കളിലൊരാളായ കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം.പി. ജിൽ ജിൽ പറയുന്നു.
കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ജീവനക്കാരനായിരുന്നു ജിൽജിൽ. തപാൽ വകുപ്പിൽ താത്ക്കാലിക ജീവനക്കാരനായിരുന്ന മൂത്തയാൾ എ ടു ഇസഡ് ജീവിച്ചിരിപ്പില്ല. പേരുകാരണമുണ്ടായ പ്രശ്നങ്ങൾ മൂലം സഹോദരി വനസാഗര വ്യോമറാണിക്ക് മാനസികാസ്വാസ്ഥ്യം വരെയുണ്ടായി. കലക്ടേറ്റിൽ താത്ക്കാലിക ജീവനക്കാരിയായിരുന്നു അവർ. ഒരിക്കൽ, മേലധികാരി പേര് മുഴുവനായി വിളിച്ചപ്പോൾ ഓഫിസിൽ എല്ലാവരും ചിരിച്ചു. ഇത് ചില പ്രശ്നങ്ങൾക്കിടയായതോടെ അവർക്ക് ജോലിയും നഷ്ടമായി.
'ഇത്തരം പേരുള്ളവർക്ക് ഇക്കാലത്ത് ജീവിക്കാൻ പ്രയാസമാണ്. അച്ഛൻെറ സ്വദേശം തിരുവനന്തപുരത്തിനടുത്ത് പാറശ്ശാലയാണ്. ഞങ്ങൾ ജനിച്ചത് കാസർകോടും. അച്ഛെൻറ പിതാവ് ജീവനായകം, അമ്മ മറിയക്കൻ. ഞങ്ങൾ ക്രിസ്ത്യൻ നാടാർ സമുദായത്തിൽപ്പെട്ടവരാണ്. നാടാർ വിഭാഗത്തിൽ ഒരു കുടുംബത്തിൽ തന്നെ രണ്ടു സമുദായങ്ങളിൽ ഉൾപ്പെട്ടവരുണ്ടാകും. ചേട്ടൻ പള്ളിയിൽ പോകുമ്പോൾ അനുജൻ അമ്പലത്തിൽ പോകും. മതസൗഹാർദത്തിൻെറ അന്തരീക്ഷത്തിൽ വളർന്നത് കൊണ്ടായിരിക്കാം അച്ഛൻ ഇങ്ങനെ വേറിട്ട പേരുകൾ കണ്ടെത്തിയത്. നല്ലൊരു വായനക്കാരനായിരുന്നു അച്ഛൻ. സാഹിത്യത്തിൽ തൽപരനായിരുന്നെങ്കിലും പുസ്തകങ്ങളൊന്നും എഴുതിയിട്ടില്ല. മക്കളുടെ ജാതി തിരിച്ചറിയേണ്ട എന്നു കരുതിയാകും അച്ഛൻ ഇത്തരം പേരുകൾ കണ്ടെത്തിയത്. ഞങ്ങളുടെ പേരുകളുടെ വിചിത്രസ്വഭാവത്തെ കുറിച്ച് പല തവണ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോൾ കുറേ ദിവസത്തേക്ക് ഞങ്ങൾ പുറത്തിങ്ങാറില്ല' -ജിൽജിൽ പറയുന്നു.
തങ്ങളുടെ ബുദ്ധിമുട്ട് മക്കൾ അനുഭവിക്കാതിരിക്കാൻ ആകണം, സ്വന്തം മക്കൾക്ക് ഇവർ സാധാരണ പേരാണ് ഇട്ടത്. ജിൽജിലിൻെറ സഹോദരന്മാരുടെ മക്കൾക്ക് സാധാരണ പേരുകളാണ്. ഡാനി, ഡബോറ എന്നിങ്ങനെ. വനസാഗര വ്യോമറാണിയുടെ മകളുടെ പേര് ശ്രദ്ധ എന്നാണ്. ജിൽജിലിൻെറ മകളുടെ പേര് മേഴ്സി എന്നും. മേഴ്സി ഇപ്പോൾ ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം നടത്തുന്നു. മകൾക്ക് പേരിട്ടതിന് പിന്നിലും ഒരു കഥയുണ്ടെന്ന് പറയുന്നു ജിൽജിൽ. ഭാര്യ ഷീബ (കാസർകോട് ജനറൽ ആശുപത്രി ജീവനക്കാരി) ഗർഭം ധരിച്ച കാലത്ത് തന്നെ അദ്ദേഹം മക്കൾക്കുള്ള പേര് കണ്ടുപിടിച്ചിരുന്നു. അച്ഛൻ വിചിത്രമായ പേര് കണ്ടുപിടിച്ചാലോ എന്ന പേടി മൂലമായിരുന്നു അത്. ആ പേടിയുമായി കുറേനാൾ ജിൽജിൽ നടന്നു. ഒടുവിൽ, പ്രസവത്തിന് മുമ്പ് അച്ഛനോട് പറഞ്ഞു ജനിക്കുന്നത് മകൾ ആണെങ്കിൽ മേഴ്സി എന്ന് പേരിടാനാണ് തീരുമാനമെന്ന്. 'ശരി നിങ്ങളുടെ ഇഷ്ടം പോലെയാകട്ടെ, ഞാനൊന്നും പറയുന്നില്ല. ഞാൻ പല പേരുകളും കണ്ടെത്തി വെച്ചിരുന്നു. എന്നായിരുന്നു അച്ഛൻെറ മറുപടി'- ജിൽജിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.