സി.പി.എമ്മിെൻറ തന്ത്രം; പണികിട്ടി ബി.ജെ.പി
text_fieldsകാസർകോട്: ബി.ജെ.പിയെ വെട്ടിലാക്കിയ 'കുമ്പള നീക്കുപോക്കി'ന്റെ തന്ത്രം ആവിഷ്കരിച്ചത് സി.പി.എം. യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ മൂന്ന് സ്ഥിരം സമിതികൾ സ്വന്തമാക്കാൻ സി.പി.എം ഇറക്കിയ തോണിയിൽ കയറി ആടിയുലയുന്നത് ബി.ജെ.പിയും. 20ഓളം നേതാക്കളാണ് ബി.ജെ.പിയിൽനിന്ന് ഇതിനകം രാജിവെച്ചത്. വിഭാഗീയതയിൽ തുടങ്ങി ജില്ല കമ്മിറ്റി ഓഫിസ് താഴിട്ടുപൂട്ടിയ പ്രതിഷേധത്തിൽ ഞെട്ടിയിരിക്കുകയാണ് സംസ്ഥാനനേതൃത്വം.
കുമ്പള ഗ്രാമപഞ്ചായത്തിലെ 23 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 11, ബി.ജെ.പി ഒമ്പത്, എൽ.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. മൂന്ന് സ്ഥിരംസമിതികൾ നേടിയെടുക്കാൻ സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ബി.ജെ.പിയെ ഒപ്പം കൂട്ടിയത്. ആരോഗ്യ, വികസന സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങൾ ബി.ജെ.പിക്കും ക്ഷേമകാര്യം സി.പി.എമ്മിനുമെന്ന ഓപറേഷൻ വിജയിച്ചു. ബി.ജെ.പി പ്രവർത്തകൻ വിനു വധക്കേസിലെ പ്രതി കൂടിയായ സി.പി.എമ്മിലെ കൊഗ്ഗുവിനെ സ്ഥിരംസമിതി അധ്യക്ഷനാക്കാനുള്ള ധാരണക്കെതിരെ ഒരുവിഭാഗം രംഗത്തുവന്നു.
ബി.ജെ.പി ജില്ല കമ്മിറ്റി അംഗം വിനുവിന്റെ അമ്മാവൻ വിനോദ് കുമ്പള രാജിവെച്ചു. വിഭാഗീയത മൂർച്ഛിച്ചപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രവർത്തകർക്ക് അന്ന് ഉറപ്പുനൽകി. ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് കെ. ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാർ ഷെട്ടി എന്നിവർ ചേർന്നാണ് സി.പി.എമ്മുമായി ധാരണയുണ്ടാക്കിയതെന്നും ഇതിൽ സാമ്പത്തിക ഇടപാടുണ്ടെന്നുവരെ ഒരുവിഭാഗം പ്രവർത്തകർ ആരോപിക്കുന്നു. നിലവിലെ ജില്ല പ്രസിഡന്റ് രവീശതന്ത്രി കുണ്ടാറിനെതിരെ ഇവർക്ക് പരാതിയില്ലെന്നതും ശ്രദ്ധേയമാണ്. ജില്ല വൈസ് പ്രസിഡന്റും കാസർകോട് നഗരസഭ അംഗവുമായ പി. രമേശനും ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളിലായി 20ഓളം പേരുമാണ് രാജിവെച്ചത്.
സുരേന്ദ്രനെതിരെ മുദ്രാവാക്യം
കാസർകോട്: ബി.ജെ.പി കാസർകോട് ജില്ല കമ്മിറ്റി ഓഫിസിനുമുന്നിൽ ഉപരോധം തീർ പ്രവർത്തകർ കുമ്പള ഗ്രാമപഞ്ചായത്തിൽ സി.പി.എം ധാരണയിൽ ലഭിച്ച രണ്ട് സ്ഥിരം സമിതികളും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ഞായറാഴ്ച കാസർകോട്ടെത്തുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി ജില്ല കമ്മിറ്റി ഓഫിസിൽ ചർച്ച നടത്താനാണ് പ്രതിഷേധക്കാരെത്തിയത്. അദ്ദേഹം യാത്ര റദ്ദാക്കിയത് അറിഞ്ഞതോടെ പ്രവർത്തകർ രോഷാകുലരാവുകയും ഉപരോധം തീർക്കുകയുമായിരുന്നു. 'സുരേന്ദ്രൻ വാക്കുപാലിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നിലകൊണ്ട ഉപരോധം 11.45ഓടെ അവസാനിച്ചു. വ്യാഴാഴ്ചക്കകം തീരുമാനമെടുത്തിട്ടില്ലെങ്കിൽ കുമ്പളയിലെ ബി.ജെ.പിയുടെ രണ്ട് സ്ഥിരം സമിതി അധ്യക്ഷരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.