വീണ്ടും രക്തദാഹികളായി തെരുവ് നായ്ക്കൾ: എൽ.കെ.ജി വിദ‍്യാർഥിയെ കൂട്ടംകൂടി ആക്രമിച്ചു, മുഖത്ത് കടിയേറ്റു
text_fieldsനിലമ്പൂർ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ മരണ വേദനയിൽനിന്ന് കേരളം മുക്തമാകുന്നതിന് മുമ്പ് പിഞ്ചുകുഞ്ഞിന് നേരെ വീണ്ടും ആക്രമണം. സ്കൂൾ വിട്ട് വല്ലുമ്മയുടെ കൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ എൽ.കെ.ജി വിദ‍്യാർഥിയാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.
മലപ്പുറം നിലമ്പൂരിനടുത്ത് ഏനാന്തി മൺപറമ്പിൽ നവാസിന്‍റെ മകൻ നാലരവയസ്സുകാരൻ സയാൻ മുഹമ്മദിനെയാണ് നായ്ക്കൾ വളഞ്ഞിട്ടാക്രമിച്ചത്. കുട്ടിയുടെ മുഖത്ത് കടിയേറ്റു.
നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ല ആശുപത്രിയിൽ പേ വിഷബാധക്കെതിരെയുള്ള മരുന്നില്ലാത്തത് കാരണമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച വൈകീട്ട് വീടിന് സമീപം ഏനാന്തിയിൽവെച്ചാണ് ആക്രമണം ഉണ്ടായത്. സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ വന്ന വല്ലുമ്മയുടെ മുന്നിലായാണ് സയാൻ നടന്നത്. ഇതിനിടെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. വല്ലുമ്മയും നാട്ടുകാരും ഓടിയെത്തിയാണ് നായ്ക്കളെ അകറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പൂച്ചക്കുത്തിൽ തെരുവ് നായകൾ പുള്ളിമാനെ കടിച്ചു കൊന്നിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.