യാത്രക്കാർ ശ്രദ്ധിക്കുക: റെയിൽവേ സ്റ്റേഷനിൽ പട്ടിയുണ്ട്, രണ്ട് പേർക്ക് കടിയേറ്റു
text_fieldsകായംകുളം: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന യാത്രക്കാർ ശ്രദ്ധിക്കുക. ഇവിടെ പട്ടി പെറ്റുകിടപ്പുണ്ട്. ഇതറിയാതെ എത്തിയ രണ്ട് പേർക്ക് കടിയേറ്റു.
കൂലി പോർട്ടറായ മുരുക്കുംമൂട് സ്വദേശി മധു (50), യാത്രക്കാരനായ മൈനാഗപ്പള്ളി സ്വദേശി സുബൈർ കുട്ടി (64) എന്നിവർക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് മധുവിനെ കടിച്ചത്. രണ്ട് ദിവസം മുമ്പാണ് സുബൈർ കുട്ടിക്ക് കടിയേറ്റത്.
പ്ലാറ്റ്ഫോം തീരുന്ന ഭാഗത്ത് പ്രസവിച്ച് കിടക്കുന്ന നായാണ് അക്രമകാരിയായി മാറിയിരിക്കുന്നത്. പ്ലാറ്റ്ഫോമിന്റെ അടിഭാഗത്തെ വിടവിലേക്ക് കയറി കിടക്കുന്നതിനാൽ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. ഇതറിയാതെ സമീപത്ത് കൂടി പോകുന്നവരെയാണ് കടിക്കുന്നത്.
20 ഓളം നായ്ക്കളുടെ കൂട്ടമാണ് റെയിൽവേ സ്റ്റേഷനും പരിസരവും കൈയടക്കിയിരിക്കുന്നത്. പ്രധാന കവാടം, ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്ഫോമുകൾ, വിശ്രമ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലൂടെ സ്വൈര്യവിഹാരം നടത്തുന്ന ഇവയെ നിയന്തിക്കാനാകാതെ അധികൃതരും വിഷമിക്കുകയാണ്. ഭയന്നു വിറച്ചാണ് യാത്രക്കാർ സ്റ്റേഷനിൽ നിൽക്കുന്നത്.
കോഴി വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ സ്റ്റേഷന്റെ പരിസരങ്ങളിൽ നിക്ഷേപിക്കുന്നതാണ് നായകളെ ആകർഷിക്കാൻ കാരണം. രാത്രി കാലത്ത് വരുന്ന യാത്രക്കാർ നിരവധി തവണ നായ്ക്കളുടെ അക്രമണത്തിന് വിധേയരായിട്ടുണ്ട്. നായ് ശല്യം ദുസ്സഹമായതോടെ വിഷയത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പലതവണ നഗരസഭക്ക് കത്ത് നൽകിയിരുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു. മൂന്ന് ദിവസം മുമ്പും കത്ത് നൽകിയിരുന്നു. വിഷയത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.