തെരുവു നായ നിയന്ത്രണം: കോലഞ്ചേരിയിൽ എ.ബി.സി കേന്ദ്രം ആരംഭിക്കും
text_fieldsകൊച്ചി: തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുക, പേവിഷബാധ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അനിമല്‍ ബര്‍ത്ത് കണ്‍ട്രോളര്‍ (എ.ബി.സി) പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ മുളന്തുരുത്തിക്ക് പുറമെ കോലഞ്ചേരിയിലും എ.ബി.സി കേന്ദ്രം പ്രവർത്തനമാരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ, വടവുകോട് ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ കോലഞ്ചേരി മൃഗാശുപത്രിയോട് ചേർന്നാണ് സെന്റർ പ്രവർത്തിക്കുക.
ജില്ലാ പഞ്ചായത്തിനൊപ്പം മൃഗസംരക്ഷണ വകുപ്പ്, വടവുകോട്, മൂവാറ്റുപുഴ ബ്ലോക്കുകൾ, ബ്ലോക്കുകളുടെ പരിധിയിൽ വരുന്ന പഞ്ചായത്തുകൾ തുടങ്ങിയവ സംയോജിച്ചാണ് കോലഞ്ചേരിയിൽ എ.ബി.സി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേന്ദ്രത്തിൽ ഒരു ഡോക്ടർ, ഓപ്പറേഷൻ തിയേറ്റർ സഹായി, നാല് മൃഗ പരിപാലകർ, ഒരു ക്ലീനിംഗ് തൊഴിലാളി എന്നിവരുടെ സേവനം ലഭ്യമാകും. സ്ഥല സൗകര്യമുള്ള മൃഗാശുപത്രികളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കുക.
തെരുവുകളിൽ അലഞ്ഞു തിരിയുന്ന നായ്ക്കളിൽ വന്ധ്യംകരണം നടത്തുന്നത് വഴി തെരുവ് നായകളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാനും അതുവഴി തെരുവുനായ ആക്രമണങ്ങൾ ഇല്ലാതാക്കാനും സാധിക്കും. നായ പിടുത്തത്തിൽ പരിശീലനം ലഭിച്ചവരുടെ സഹായത്തോടെ കേന്ദ്രങ്ങളിൽ എത്തിക്കുന്ന ആൺ-പെൺ നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ്ക്ക് വിധേയമാക്കുന്നു. ശസ്ത്രക്രിയ നടത്തിയ പെൺനായ്ക്കളെ അഞ്ച് ദിവസവും ആൺ നായ്ക്കളെ നാല് ദിവസവും പരിചരിക്കുകയും ശേഷം അവയെ പിടിച്ച സ്ഥലത്തു തന്നെ തുറന്നു വിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.