മാനദണ്ഡത്തിൽ ഇളവ് വന്നിട്ടും ഊർജിതമാകാതെ തെരുവുനായ് വന്ധ്യംകരണം
text_fieldsതിരുവനന്തപുരം: കേന്ദ്ര മാനദണ്ഡത്തിൽ ഇളവ് വരുത്തിയിട്ടും സംസ്ഥാനത്ത് തെരുവുനായ് വന്ധ്യംകരണം മുടന്തുന്നു. തെരുവുനായ് ആക്രമണങ്ങളും പേവിഷബാധയേറ്റുള്ള മരണങ്ങളും ആശങ്കപ്പെടുത്തുംവിധം ഉയർന്നിട്ടും പ്രഖ്യാപനങ്ങൾ പാളിയ മട്ടാണ്.
തദ്ദേശസ്ഥാപനങ്ങളിൽ 82 വന്ധ്യംകരണ കേന്ദ്രങ്ങൾ വേണ്ടിടത്ത് ഉള്ളത് 18 എണ്ണം മാത്രം. അതും കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്. നായ്ക്കളെ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർ 2000 നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്തിരിക്കണമെന്ന കേന്ദ്ര ജന്തുക്ഷേമ ബോർഡിന്റെ നിബന്ധനയായിരുന്നു മുമ്പുണ്ടായിരുന്ന പ്രധാനതടസ്സം.
എന്നാൽ, സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യപ്രകാരം മാനദണ്ഡത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. അതിന്റെ അടിസ്ഥാനത്തിൽ എ.ബി.സി സെൻററുകളിൽ വെറ്ററിനറി ഡോക്ടർമാർക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്താം. ഇതോടെ തെരുവുനായ് വന്ധ്യംകരണം ഊർജിതമാകുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. എന്നാൽ, അത് കാര്യക്ഷമമായില്ല.
ആറ് കോർപറേഷനുകൾക്ക് പുറമേ, രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു വന്ധ്യംകരണകേന്ദ്രം വീതം ഉടൻ സജ്ജമാക്കുമെന്നായിരുന്നു ഒന്നരവർഷം മുമ്പ് തദ്ദേശവകുപ്പിന്റെ പ്രഖ്യാപനം.
കോർപറേഷനുകളിൽ ആറെണ്ണവും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കായി 76 ഉം ഉൾപ്പെടെ 82 വന്ധ്യംകരണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കേണ്ടത്. ഇപ്പോൾ 18 എണ്ണം മാത്രമാണുള്ളത്. തിരുവനന്തപുരത്ത് സന്നദ്ധ സംഘടനയായ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷന്റെ കേന്ദ്രവും നിലവിലുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ വന്ധ്യംകരണ കേന്ദ്രങ്ങളില്ല. കോർപറേഷനുകളിൽ കണ്ണൂരിൽ ഒഴികെ മറ്റിടത്തെല്ലാം പേരിനെങ്കിലും ഈ കേന്ദ്രമുണ്ട്. അതേസമയം, ഇനിയും ചില മാനദണ്ഡങ്ങൾ പ്രതിസന്ധിയാണെന്നാണ് അധികൃതർ പറയുന്നത്.
പ്രീ, പോസ്റ്റ് സർജറി വാർഡുകൾ ശീതീകരിച്ചവയാകണം, വന്ധ്യംകരണ നടപടികൾ കാമറയിൽ പകർത്തണം തുടങ്ങിയ കാര്യത്തിലും ഇളവ് വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.