വർഷങ്ങൾ മാഞ്ഞു, മായാതെ ഈ സ്നേഹം
text_fieldsകൊയിലാണ്ടി: അപകടത്തിൽ പരിക്കേറ്റപ്പോൾ ചികിത്സയും സംരക്ഷണവും നൽകി ആരോഗ്യം തിരിച്ചുതന്നയാളെ തേടിയെത്തി വർഷങ്ങൾക്കിപ്പുറം തെരുവുനായുടെ സ്നേഹപ്രകടനം. കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു വ്യത്യസ്ത കാഴ്ച. കൊരയങ്ങാട് തെക്കെ തലക്കൽ ഷിജുവിനാണ് ഈ അപൂർവ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചത്. പയ്യോളി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയാണ് ഷിജു.
മകളെ ട്രെയിൻ കയറ്റാനായി ഭാര്യയോടൊപ്പം റെയിൽവേ സ്റ്റേഷനു സമീപം എത്തിയതായിരുന്നു ഷിജു. ഭാര്യയും മകളും സ്റ്റേഷനിലേക്ക് പോയപ്പോൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങവേയാണ് ഒരു നായ് സ്കൂട്ടറിനടുത്തേക്ക് ഓടിയെത്തിയത്. നായ് പിന്നീട് ഷിജുവിനെ വലം വെച്ചു. എന്താണ് സംഭവമെന്ന് ആദ്യം ഷിജുവിന് മനസ്സിലായില്ല. നായുടെ സ്നേഹപ്രകടനം സ്റ്റേഷനു പുറത്തുള്ള ഓട്ടോ ഡ്രൈവർമാർക്കും യാത്രക്കാർക്കും കൗതുകമായി. അപ്പോഴാണ് ഷിജുവിന് മൂന്നുവർഷം മുമ്പുള്ള സംഭവം മനസ്സിൽ തെളിഞ്ഞത്.
തന്റെ വീടിനു സമീപം കാലിന് പരിക്കേറ്റു കിടക്കുകയായിരുന്ന നായെ ചികിത്സയും ഭക്ഷണവും നൽകി ഷിജു പരിചരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം സുഖം പ്രാപിച്ചപ്പോൾ വാലാട്ടി നന്ദി അറിയിച്ച് തെരുവിലേക്ക് ആ നായ് ഓടിമറഞ്ഞു. എന്നാൽ, വർഷങ്ങൾക്ക് ശേഷം റെയിൽവേ സ്റ്റേഷനിൽ ഷിജുവിനെ നായ് തിരിച്ചറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.