നിഹാലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; മയ്യിത്ത് ഖബറടക്കി
text_fieldsമുഴപ്പിലങ്ങാട് (കണ്ണൂർ): തെരുവുനായ്ക്കളുടെ കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചക്ക് 12.30 നാണ് മൃതദേഹം കെട്ടിനകത്തെ വീട്ടിലെത്തിച്ചത്. ജനബാഹുല്യം കാരണം തൊട്ടടുത്ത കെട്ടിനകം ജുമാമസ്ജിദ് അങ്കണത്തിലാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയത്. പൊതുദർശനം മണിക്കൂറിലധികം നീണ്ടു. തുടർന്ന് മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം എടക്കാട് മണപ്പുറം ജുമാമസ്ജിദിൽ ഉച്ചക്ക് രണ്ടരയോടെ ഖബറടക്കി. ബഹ്റൈനിൽ നിന്ന് പിതാവ് നൗഷാദ് രാവിലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും യഥാസമയം വിമാനം ലഭിക്കാത്തതിനാൽ യാത്ര വൈകി. ഇതോടെ ഉച്ചയോടെ ഖബറടക്കുകയായിരുന്നു.
മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെയും നുസീഫയുടെയും സംസാരശേഷിയില്ലാത്ത മകൻ നിഹാൽ നൗഷാദിനെ (11) ഞായറാഴ്ച വൈകീട്ടാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രാത്രി ഒമ്പതോടെ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മുഖവും വയറും നായ്ക്കൾ കടിച്ചുകീറിയിരുന്നു. കുട്ടിയുടെ ശരീരമാസകലം നായ് കടിച്ചതിന്റെ മുറിവുകളുണ്ട്. അരക്കുതാഴെ തെരുവുനായ്ക്കൾ പിച്ചിച്ചീന്തിയിരുന്നു.
ആഴത്തിൽ മുറിവേറ്റതും ചോരവാർന്നതുമാണ് മരണകാരണം. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് കാണിച്ച് പഞ്ചായത്തിലും ജില്ല ഭരണകൂടത്തിനും ജനപ്രതിനിധികളും നാട്ടുകാരും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. അധികൃതരുടെ അലംഭാവത്തിലാണ് നിഹാലിന്റെ ജീവൻ നഷ്ടമായതെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തെ തുടർന്ന് വിവിധ സംഘടനകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവർ നിഹാലിന്റെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പി.കെ. ശ്രീമതി, ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.