തെരുവുനായ് ശല്യം: സുപ്രീംകോടതി ഉത്തരവിന് പുല്ലുവില; എട്ടുവർഷം കഴിഞ്ഞിട്ടും മറുപടി നൽകാതെ കേരളം!
text_fieldsകോട്ടയം: തെരുവുനായ് ശല്യം സംബന്ധിച്ച് നിലപാടറിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പുല്ലുവില. നാലാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന നിർദേശത്തിന് 421 ആഴ്ചകൾ കഴിഞ്ഞിട്ടും മറുപടി നൽകാതെ കേരളം!. എത്രയും പെട്ടെന്ന് മറുപടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുമ്പാകെ പരാതിയുമെത്തി.
രാജ്യത്തെ തെരുവുനായ് ശല്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2015 ഡിസംബർ ഏഴിന് സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് വർഷം എട്ടുകഴിഞ്ഞിട്ടും സംസ്ഥാനത്തിന്റെ ഒളിച്ചുകളി. ഇതിനിടയിൽ പലതവണ സംസ്ഥാനത്ത് തെരുവുനായ് ശല്യവും ആക്രമണവും വർധിച്ചെങ്കിലും സർക്കാർ നിഷ്ക്രിയത്വം തുടരുകയാണ്.
സർക്കാർ മറുപടി നൽകാത്തതിനെത്തുടർന്ന് സുപ്രീംകോടതി ഹരജി നിരന്തരം മാറ്റുകയാണ് പതിവ്. ഇനി ഈ മാസം പത്തിനാണ് കേസ് പരിഗണിക്കുന്നത്. വിഷയത്തിൽ മറുപടി ലഭ്യമാക്കണമെന്ന ആവശ്യവുമായി ഹരജിക്കാരനും സാമൂഹിക പ്രവർത്തകനുമായ സാബു സ്റ്റീഫനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
രാജ്യത്ത് തെരുവുനായ്ക്കളെ കൊല്ലുന്നതിനും നിയന്ത്രിക്കുന്നതിനുമായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി 61 നിയമങ്ങൾ നിലവിലുണ്ട്. ഇതിൽ കേരളത്തിനനുകൂലമായി നാല് നിയമങ്ങളാണുള്ളത്. രണ്ട് കേന്ദ്രനിയമങ്ങളും രണ്ട് സംസ്ഥാന നിയമങ്ങളും. ഇതിൽ 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാമെന്ന് പറയുന്നു.
എന്നാൽ, ഇതേ നിയമം അടിസ്ഥാനമാക്കിയ അനിമൽ ബെർത്ത് കൺട്രോൾ റൂൾസ് 2001ലും 2022ലും നായ്ക്കളെ വന്ധ്യംകരിക്കണം എന്നാണ് പറയുന്നത്. ഇത് ആക്ടിനെതിരായ ചട്ടമായതിനാൽ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.