കടിച്ചുപറിച്ച് തെരുവുനായ്; എന്നുതുടങ്ങും വന്ധ്യംകരണം ?
text_fieldsകണ്ണൂർ: നാടും നഗരവും കൈയടക്കി തെരുവുനായ്ക്കൾ മനുഷ്യർക്ക് ഭീഷണിയാകുമ്പോൾ നടപടി കടലാസിൽ മാത്രമാകുന്നു.
അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി വിപുലമാക്കാൻ സർക്കാർ തീരുമാനമുണ്ടായെങ്കിലും ജില്ലയിൽ വന്ധ്യംകരണം എന്നു തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനിടയിൽ തെരുവുനായ് അക്രമം തുടരുകയാണ്. കഴിഞ്ഞദിവസം കണ്ണാടിപ്പറമ്പ് വീവേഴ്സ് സൊസൈറ്റിക്കുസമീപം 13കാരനടക്കം അഞ്ചുപേർക്ക് കടിയേറ്റു. യശോദ, ജസീം, സൽമാൻ (13), പാറക്കൽ സീനത്ത് എന്നിവർക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് നിന്നിരുന്ന യശോദയുടെ മുഖത്ത് കടിക്കാൻ ശ്രമിക്കുന്നത് പ്രതിരോധിക്കുന്നതിനിടെ കൈപ്പത്തിയിൽ കടിച്ചുതൂങ്ങിയ നായെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. കൈപ്പത്തിക്ക് സാരമായി പരിക്കേറ്റു. കണ്ണാടിപ്പറമ്പിൽ വളര്‍ത്തുമൃഗങ്ങളെയടക്കം തെരുവുനായ്ക്കള്‍ ആക്രമിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.
തെരുവുനായ് വന്ധ്യംകരണത്തിന് നായ് പിടിത്തത്തിന് തയാറായി തദ്ദേശീയരായ 15 പേർ മുന്നോട്ടുവന്നിട്ടുണ്ട്. നേരത്തെ തദ്ദേശീയരെ ലഭിക്കാതായപ്പോൾ നേപ്പാളിൽനിന്നാണ് നായ് പിടിത്തക്കാർ എത്തിയിരുന്നത്. കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയ ഇവരെ ഏറെ നിർബന്ധിച്ച് 17,000 രൂപ ശമ്പളം നൽകിയാണ് കഴിഞ്ഞവർഷം ജില്ലയിലെത്തിച്ചത്. കഴിഞ്ഞവർഷം ജില്ലയിൽ 1703 നായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. ഇത്തവണ ആളില്ലാത്തതിനാലാണ് പദ്ധതി തുടങ്ങാതിരുന്നത്. നായ് പിടിത്തത്തിന് തയാറായി വന്നവർക്കുള്ള പരിശീലനം ഈ മാസം തുടങ്ങുമെന്നാണ് കരുതുന്നത്. തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗം അടുത്തയാഴ്ച ജില്ല പഞ്ചായത്ത് വിളിച്ചിട്ടുണ്ട്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതടക്കമുള്ള കാര്യങ്ങളിൽ കർശന നടപടിയെടുക്കാൻ നിർദേശമുണ്ട്.
തെരുവുനായ് വന്ധ്യംകരണത്തിന് ഇനി ബ്ലോക്ക് തലത്തിൽ വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, തിയറ്റർ സഹായി, ശുചീകരണ സഹായി, നായ് പിടിത്തക്കാരൻ എന്നിവർ അടങ്ങുന്ന പ്രത്യേകം മെഡിക്കൽ സംഘത്തെ നിയമിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. ഇത് എത്രത്തോളം നടപ്പാകുമെന്നത് കാത്തിരുന്നു കാണാമെന്നാണ് നാട്ടുകാർ പറയുന്നത്. ദുർബലരായ പ്രായമായവരും കുട്ടികളുമാണ് ജില്ലയിൽ പലപ്പോഴും നായുടെ ആക്രമണത്തിനിരയാവുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ ഓടിയുള്ള അപകടങ്ങളും മരണങ്ങളും ഏറെയാണ്. ഇപ്പോഴും ചികിത്സയിൽ കഴിയുന്നവർ നിരവധി.
നിലവിൽ ജില്ലയിൽ പാപ്പിനിശ്ശേരിയിൽ മാത്രമാണ് വന്ധ്യംകരണ കേന്ദ്രമുള്ളത്. പടിയൂരിൽ ഇതിനായി പ്രത്യേകം ആശുപത്രി ഒരുങ്ങുന്നുണ്ടെങ്കിലും നായ് പിടിത്തക്കാരെ ലഭിക്കാത്തതിനാൽ പ്രവർത്തനം വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.