നായ്ക്കളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തില്‍ കുറക്കണമെന്ന് ജ.സിരിജഗന്‍ കമീഷന്‍
text_fieldsകൊച്ചി: ജനങ്ങളെ തെരുവുനായ് ശല്യത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ നായ്ക്കളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തില്‍ കുറച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസ് സിരിജഗന്‍ കമീഷന്‍. ജനന നിയന്ത്രണം ലക്ഷ്യമിട്ടുള്ള വന്ധ്യംകരണം കൊണ്ടുമാത്രം ഇപ്പോഴത്തെ അവസ്ഥയില്‍ പ്രശ്നം പരിഹരിക്കാനാവില്ളെന്ന് തെരുവുനായ് ശല്യം സംബന്ധിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയമിച്ച കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ സ്ഥിതിയില്‍ തെരുവുനായ്ക്കളുടെ എണ്ണം കുറക്കലല്ലാതെ മറ്റുമാര്‍ഗങ്ങള്‍ പ്രായോഗികമല്ല.
തെരുവുനായ് ശല്യം സംസ്ഥാനത്തിന്‍െറ സാമ്പത്തികനിലക്ക് വലിയ ദോഷമുണ്ടാക്കിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ വിഷയം പരിഹരിക്കാനാവാത്തവിധം കൈവിട്ടുപോകും. നായ്ക്കളുമായി ബന്ധപ്പെട്ട ചട്ടത്തില്‍ നിര്‍ദേശിക്കുന്ന മറ്റുനടപടികളിലൂടെ എണ്ണം കുറക്കുകയാണ് വേണ്ടത്.
എണ്ണം കുറച്ച് സ്ഥിതിവിശേഷം നിയന്ത്രണാധീനമാക്കിയശേഷമേ ബാക്കിയുള്ളവയുടെ കാര്യത്തില്‍ ജനന നിയന്ത്രണമാര്‍ഗം ഫലപ്രദമായി നടപ്പാക്കാനാകൂ. എണ്ണം കുറച്ചുകൊണ്ടുവരാനുള്ള അടിയന്തര നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അല്ലാത്തപക്ഷം നായ്ക്കളെ കൊല്ലാന്‍ പൊതുജനം നിയമം കൈയിലെടുക്കുന്ന അവസ്ഥയുണ്ടാകും. ഇപ്പോള്‍തന്നെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്‍െറ പലഭാഗത്തും പരസ്യമായി നായ്ക്കളെ കൊല്ലുന്നുണ്ട്.
2001വരെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണവും ശല്യവും നിയന്ത്രണവിധേയമായിരുന്നു. 2001ല്‍ ജനന നിയന്ത്രണസംവിധാനം നിലവില്‍വന്നെങ്കിലും ശരിയായ രീതിയില്‍ നടപ്പാക്കിയില്ല. അതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്നുവന്ന തെരുവുനായ് ദൂരീകരണ പദ്ധതികള്‍ നിലക്കുകയും ചെയ്തു.
ജനന നിയന്ത്രണം കൃത്യമായി നടപ്പായിരുന്നെങ്കില്‍ വര്‍ധന ഇത്രയേറെ ഉണ്ടാവില്ലായിരുന്നു. 15 വര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധനയാണുണ്ടായത്. സംസ്ഥാന സര്‍ക്കാറിന്‍െറ കണക്കുപ്രകാരം 2015-16ല്‍ കേരളത്തില്‍ 9,23,359 നായ്ക്കളുണ്ട്. ഇതില്‍ 2,68,994 എണ്ണം തെരുവുനായ്ക്കളാണ്. ചട്ടപ്രകാരമുള്ള വന്ധ്യംകരണം സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല. സമീപകാല സര്‍വേപ്രകാരം 85ശതമാനം പേരും അടിയന്തരമായി നായ്ക്കളെ കൊല്ലണമെന്ന അഭിപ്രായക്കാരാണ്.
വിലക്കൂടുതല്‍ കാരണം അവശ്യമരുന്നുപട്ടികയില്‍നിന്ന് കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ നീക്കിയ വാക്സിന്‍ പുന$സ്ഥാപിക്കണമെന്നും പേവിഷ പ്രതിരോധമരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കണമെന്നും കമീഷന്‍ ശിപാര്‍ശയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.