കരുത്ത് കാമ്പസും പി.ടിക്കൊപ്പമുള്ള അനുഭവങ്ങളും; പോരിനൊരുങ്ങി ഉമ
text_fieldsകൊച്ചി: ഇതുവരെ പി.ടി. തോമസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പിന്നിൽനിന്ന് പ്രവർത്തിച്ച ഉമ തോമസ് നേരിട്ടാണ് നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് പി.ടിയെ സ്നേഹിച്ചവര്‍ക്ക് ഇടയിലേക്ക് ഇറങ്ങുകയാണ് ഈ 56 കാരി. എറണാകുളം മഹാരാജാസിൽ 1980 - 85 കാലയളവിൽ പ്രീഡിഗ്രി, ഡിഗ്രി പഠനകാലത്തെ വിദ്യാർഥി രാഷ്ട്രീയാനുഭവമാണ് പ്രധാന കൈമുതൽ.
1982 ൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിൽ വനിത പ്രതിനിധിയായി വിജയിച്ചു. 1984 ൽ വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി. തോമസ്. രാഷ്ട്രീയമാണ് പി.ടിയെയും ഉമയെയും അടുപ്പിച്ചത്. ആ പ്രണയത്തിന് സാക്ഷിയായത് മഹാരാജാസും. അവിടെ വെച്ചാണ് പി.ടി ഉമയെ ആദ്യമായി കണ്ടത്. ക്രിസ്തുമത വിശ്വാസിയായ പി.ടി. തോമസും ബ്രാഹ്മണ കുടുംബാംഗമായ ഉമയും തമ്മിലെ പ്രണയം സംഭവ ബഹുലമായിരുന്നു.
ഇപ്പോള്‍ പി.ടി. തോമസിന് പിന്‍ഗാമിയായിട്ടാണ് ഉമ തൃക്കാക്കരയില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. പി.ടി. തോമസിന്‍റെ ഭാര്യയെന്ന നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നില്ല ഉമ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പി.ടി. തോമസിനൊപ്പം മണ്ഡലത്തില്‍ സജീവമാകുന്നതായിരുന്നു ഉമയുടെ രീതി.
എറണാകുളം സ്വദേശിനി എന്ന നിലയിലും മണ്ഡലത്തിലെ താമസക്കാരി എന്ന നിലയിലും സുപരിചിതയാണ് ഉമ. ബി.എസ്സി സുവോളജി ബിരുദധാരി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടിങ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് മാനേജരാണ്. മൂത്തമകൻ ഡോ.വിഷ്ണു തോമസ് തൊടുപുഴ അൽ അസ്ഹർ ഡെന്റൽ കോളജിലെ അസി.പ്രഫസറാണ്. ഇളയമകൻ വിവേക് തോമസ് തൃശൂർ ഗവ.ലോ കോളജിൽ നിയമ വിദ്യാർഥി. മരുമകൾ ബിന്ദു അബി തമ്പാൻ ആലുവയിൽ ഡെന്റൽ ഡോക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.