പൊതുജനങ്ങളോട് മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
text_fieldsതിരുവനന്തപുരം: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിക്കുമ്പോഴും സംസ്ഥാനത്ത് കുറച്ചുകൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 34,90,000 ആയിരുന്നത് 28,40,000 ആയി കുറഞ്ഞു. 2016 ൽ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 580 ഉം നിറവേറ്റി. 2021ൽ 50 ഇന പരിപാടിയും 900 വാഗ്ദാനങ്ങളുമാണ് മുന്നോട്ടുവെച്ചത്. ഇതിൽ ഒന്നാം വർഷംതന്നെ 758 ഇനങ്ങൾക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ബജറ്റിനെ മാത്രം ആശ്രയിച്ചാൽ കഴിയില്ലെന്ന് വന്നപ്പോഴാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. അതിന്റെ ഫലം നാട് നല്ല രീതിയിൽ അനുഭവിക്കുന്നു.
എന്നാൽ, കിഫ്ബിയുടെ കടമെടുപ്പിനെ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി നാടിന്റെ വികസനത്തെ തടയാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പാലോളി കമീഷൻ റിപ്പോർട്ടിലെ മിക്കവാറും കാര്യങ്ങൾ പൂർണമായി നടപ്പാക്കി. നടപ്പാക്കാൻ ബാക്കിയുണ്ടെങ്കിൽ അതും പൂർത്തിയാക്കും. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകൾ സമയബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ ഓഫിസുകളിൽ പൊതുജനങ്ങളോട് മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. സർക്കാർ ഓഫിസുകളിലെത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറുകയും അവരുടെ ആവശ്യങ്ങൾക്ക് മാന്യമായ പരിഗണന നൽകി തീർപ്പാക്കേണ്ടതും സർക്കാർ ജീവനക്കാരന്റെ കടമയാണ്. അതിൽ വീഴ്ചവരുത്തുന്നത് ഗുരുതര വീഴ്ചയും അച്ചടക്കലംഘനവുമായി കണക്കാക്കും. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ മേലധികാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.