ചികിത്സക്ക് കൈക്കൂലി വാങ്ങുന്നവർക്കെതിരെ കടുത്ത നടപടി; പരാതികളിൽ അന്വേഷണം
text_fieldsതിരുവനന്തപുരം: രോഗികളിൽനിന്ന് ഇടനിലക്കാർ വഴിയോ അല്ലാതെയോ കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രോഗം നിസ്സഹായത സൃഷ്ടിക്കുന്ന സാഹചര്യമാണ്. അങ്ങനെയുള്ളവരിൽനിന്ന് രണ്ടായിരവും മൂവായിരവും വാങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
ഇതിനകം ലഭിച്ച പരാതികൾ അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. സർക്കാർ ആശുപത്രികളിൽ ത്യാഗപൂർണമായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുണ്ട്. ഇതിന് അപവാദമായി പ്രവർത്തിക്കുന്ന ചിലരുണ്ടെന്നത് നിർഭാഗ്യകരമാണ്. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനമെന്ന് നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് ശേഷം നടന്ന ചർച്ച പൊതുവെ ഏകപക്ഷീയമായിരുന്നെങ്കിലും ഗണേഷ് കുമാർ എം.എൽ.എയാണ് മെഡിക്കൽ കോളജിലെയടക്കം അനാരോഗ്യപ്രവണതകളിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിച്ചത്.
മന്ത്രി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സഭയിലാണ് വിഷയം ഉന്നയിച്ചതെന്നതിനാൽ ‘അന്വേഷണത്തിന് ശേഷം റിപ്പോർട്ട് ഞങ്ങൾ കൂടി അറിയണ’മെന്ന് സ്പീക്കറും കൂട്ടിച്ചേർത്തു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ലെങ്കിലും ഡി.എച്ച്.എസിന് കീഴിലുള്ള ഡോക്ടർമാർക്ക് പ്രാക്ടീസ് വീട്ടിൽ നടത്താം. എന്നാൽ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികൾ ഡോക്ടർമാരുടെ വീടുകളിൽ പോകേണ്ടതില്ല. യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആദ്യ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്നാണ് രണ്ടാമതും അന്വേഷണം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
മറ്റ് പ്രഖ്യാപനങ്ങൾ
- റോബോട്ടിക് കാൻസർ ശസ്ത്രക്രിയ ആർ.സി.സിയിലും എം.സി.സിയിലും 2023 സെപ്റ്റംബറോടെ യാഥാർഥ്യമാക്കും. സൂക്ഷ്മമായ കാൻസർ കോശങ്ങളെയും ശസ്ത്രക്രിയയിലൂടെ മാറ്റിയുള്ള ആരോഗ്യപരിചരണം ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
- ബ്രഹ്മപുരം തീപിടിത്തം അണക്കാൻ പ്രവർത്തിച്ച അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് വിഭാഗങ്ങൾക്ക് സമഗ്ര ആരോഗ്യ പരിശോധന നടത്തും.
- 10 മെഡിക്കൽ കോളജുകളിൽ രണ്ട് മാസത്തിനകം പാലിയേറ്റിവ് കെയർ വാർഡുകൾ.
- എസ്.എ.ടിയിൽ ജനിതക ചികിത്സ വിഭാഗം ഉടൻ.
- ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമം ഭേദഗതി ചെയ്ത് കർശനമായി നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.