പൊതുവിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അല്ലാത്തവ ഉപയോഗിച്ചാല്‍ കര്‍ശന നടപടി -മന്ത്രി വി. ശിവന്‍കുട്ടി
text_fieldsപൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകൾ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ചാൽ കര്‍ശന നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്‌റ്റ്‌വെയർ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. രണ്ടു പതിറ്റാണ്ടായി നടന്നുവരുന്ന കേരളത്തിലെ ഐ.ടി വിദ്യാഭ്യാസം മാതൃകയാകുന്നത് പൂര്‍ണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തൽഫലമായി 3000 കോടി രൂപ ലാഭിക്കാനായത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.
കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിച്ചു. ഐകാന്‍ ഉപദേശക സമിതി അംഗം സതീഷ് ബാബു സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ല കേന്ദ്രങ്ങളിലും സ്വതന്ത്ര സോഫ്‌റ്റ്‌വെയർ മേഖലയിലെ 14 വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കുകയും അത് തത്സമയം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഉച്ചക്ക് പൊതുജനങ്ങള്‍ക്ക് സൗജന്യ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തിയാണ് സോഫ്‌റ്റ്‌വെയർ ദിനാഘോഷത്തിന് തിരശ്ശീല വീണത്. ക്ലാസുകള്‍ www.kite.kerala.gov.in/SFDay2022 ലിങ്ക് വഴി കാണാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.