കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി വേണം -ഹൈകോടതി
text_fieldsകൊച്ചി: 10 വയസ്സ് തികയാത്ത കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. ന്യായമായ ആവശ്യത്തിന് വേണ്ടിയാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാനാവാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ, സത്യഗ്രഹമോ, ധർണയോ ഒന്നും വേണ്ട. കുട്ടികളെ കൂട്ടുകാരോടൊപ്പം കളിക്കാനും പാട്ടുപാടാനും പഠിക്കാനും മറ്റും വിടുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
മൂന്ന് വയസ്സുള്ള കുട്ടിയുമായി സെക്രട്ടറിയേറ്റിന് മുന്നിൽ 59 ദിവസം പൊരിവെയിലത്ത് സമരം നടത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം തങ്ങളുടെ മറ്റൊരു കുട്ടി മരിച്ചതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജിക്കാർ മൂന്ന് വയസ്സുള്ള കുട്ടിയുമായി സെക്രട്ടറിേയറ്റിന് മുന്നിൽ 59 ദിവസം സമരം നടത്തിയത്. തുടർന്നാണ് രക്ഷിതാക്കൾക്കെതിരെ ബാലനീതി നിയമപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
സമരത്തെ തുടർന്ന് സർക്കാർ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കീഴവഴക്കമാകരുതെന്ന മുന്നറിയിപ്പോടെ ഹരജിക്കാർക്കെതിരെയെടുത്ത കേസ് കോടതി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.