വർഗീയ വിഷം ചീറ്റുന്നവർക്കും ഫേക്ക് ഐ.ഡികൾക്കുമെതിരെ കടുത്ത നടപടി എടുക്കണം -മുഖ്യമന്ത്രിയോട് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മതസൗഹാർദ്ദം തകർക്കാൻ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വർഗീയ വിഷം ചീറ്റുന്നവർക്കും ഫേക്ക് ഐ.ഡികൾക്കുമെതിരെ കടുത്ത നടപടി എടുക്കണം.
കേരളത്തിന്‍റെ മതസൗഹാർദവും സാമൂഹിക ഇഴയടുപ്പവും തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണ്. വിവിധ മതവിശ്വാസികൾക്കിടയിൽ ചേരിതിരിവും സ്പർധയും സൃഷ്ടിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നത്. വാട്ട്സ്ആപ്പ്, ടെലിഗ്രാം, ഫേസ് ബുക്, യു ട്യൂബ് തുടങ്ങഇയവയെല്ലാം ചിലർ ദുരുപയോഗം ചെയ്യുകയാണ്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും ഫേക്ക് ഐ.ഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മത മൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. ഇത്തരക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ സൈബർ പൊലീസിന് നിർദേശം നൽകണെമന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
സാമുദായ സംഘടനകളോ, നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങൾ മുൻനിർത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ വരണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ പൂർണരൂപം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യർഥനയോടെ ഒരു വിഷയം അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്. കേരളത്തിൻ്റെ മതസൗഹാർദവും സാമൂഹിക ഇഴയടുപ്പവും തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണ്. വലിയ രീതിയിൽ ചേരിതിരിവ് ,സ്പർധ ,അവിശ്വാസം ഇവ വിവിധ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹിക മാധ്യമ പ്ളാറ്റ്ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
വാട്ട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ തുടങ്ങി ഫേസ് ബുക്കും യു ട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലർ ദുരുപയോഗം ചെയ്യുകയാണ്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും ഫേക്ക് ഐ.ഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മത മൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക സ്പർധ വളർത്തുന്നവരെ കണ്ടെത്തി, കർശന ശിക്ഷ ഉറപ്പാക്കാൻ സൈബർ പൊലീസിന് നിർദേശം നൽകണം.
കൂടാതെ സാമുദായ സംഘടനകളോ, സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങൾ മുൻനിർത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ വരണം. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും സാമൂഹിക ഇഴയടുപ്പവും സംരക്ഷിക്കാനുള്ള എല്ലാ നല്ല ശ്രമങ്ങൾക്കും പിന്തുണയും അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.