ഒാണാഘോഷത്തിന് കർശന നിയന്ത്രണം
text_fieldsതിരുവനന്തപുരം: ഒാണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. കലക്ടർമാർ, പൊലീസ് മേധാവികൾ, മെഡിക്കൽ ഓഫിസർമാർ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ വിഡിയോ കോൺഫറൻസിലാണ് നിർദേശം.
ഓണാഘോഷത്തോടനുബന്ധിച്ചുണ്ടാകാനിടയുള്ള തിരക്കിൽ കടകളിൽ വരുന്നവർ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ ആഘോഷം അനുവദിക്കരുത്. കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴു മണിവരെയായിരിക്കും. വാർഡുതല സമിതിയെ സജീവമാക്കാൻ ജനമൈത്രി പൊലീസിെൻറ ഇടപടലുണ്ടാകണം. ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്ററായി കണ്ട് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പുറത്തുനിന്നുകൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കും. സംസ്ഥാന അതിർത്തിയിൽ ആവശ്യമായ ക്രമീകരണങ്ങൾ സൃഷ്ടിക്കും. കോൺടാക്ട് ട്രേസിങ്, ക്വാറൻറീൻ എന്നിവയിൽ ഉൗർജിതമായി ഇടപെടാനും പൊലീസിന് മുഖ്യമന്ത്രി നിർദേശം നൽകി. മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കലക്ടർമാർ ഉറപ്പുവരുത്തണം.
രോഗത്തെ നിസ്സാരവത്കരിക്കുന്ന ചിലരുണ്ട്. സ്ഥിതി വഷളാക്കാൻ നോക്കുന്നവർക്കുമുന്നിൽ നിസ്സഹായത പാടില്ല. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യം. ഇപ്പോൾ മരണനിരക്ക് പിടിച്ചുനിർത്താനാകുന്നെങ്കിലും രോഗവ്യാപനം വർധിച്ചാൽ മരണനിരക്ക് കൂടും.
ഇതൊഴിവാക്കാൻ ആരോഗ്യവകുപ്പ് അതിശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, വകുപ്പ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.