പരോൾകാലത്ത് പ്രതികൾ കർശന നിയന്ത്രണത്തിൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ തടവ് ശിക്ഷയനുഭവിക്കുന്നവർക്ക് ഇനി പരോൾ അനുവദിക്കുക കർശന നിയന്ത്രണങ്ങളോടെ. പരോൾ കാലത്ത് കുറ്റകൃത്യങ്ങളിലുൾപ്പെടില്ലെന്ന് കുടുംബാംഗം എഴുതി നൽകണം, തുടരെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നിങ്ങനെയുള്ള നിബന്ധനകളാണ് ഏർപ്പെടുത്തിയത്.
പരോളിലിറങ്ങിയ പലരും വീണ്ടും കുറ്റകൃത്യങ്ങളിലുൾപ്പെടുന്നത് കൂടിയതോടെ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് നിയന്ത്രണം കൊണ്ടുവരാൻ ജയിൽ വകുപ്പിനോട് നിർദേശിച്ചത്. അടുത്തിടെ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലെ കൊലക്കേസ് പ്രതി മോഹനൻ ഉണ്ണിത്താൻ പരോളിലിറങ്ങി സഹോദരനെ തലക്കടിച്ചുകൊന്നതിന്റെ പശ്ചാത്തലത്തിൽ പരോൾ വ്യവസ്ഥ കർശനമാക്കി ജയിൽ ഡി.ജി.പി എം.കെ. വിനോദ് കുമാറാണ് ഉത്തരവിറക്കിയത്.
പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ ജയിൽ ചട്ടം 403 (2), 406 (1), (2) എന്നിവ പ്രകാരമുള്ള ജാമ്യ ബോണ്ട് നടപ്പാക്കിയെന്ന് ജയിൽ സൂപ്രണ്ടുമാർ ഉറപ്പാക്കണം. തടവുകാരന്റെ പെരുമാറ്റം, സഞ്ചാരം, സാമൂഹിക ഇടപെടൽ എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുമെന്നും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നും കൃത്യസമയത്ത് തിരികെ ജയിലിലെത്തിക്കുമെന്നും പരോൾ ലഭിച്ചയാളെ ഏറ്റെടുക്കാനെത്തുന്ന കുടുംബാംഗം എഴുതി നൽകണം. പരോൾ അനുവദിക്കുമ്പോൾ തന്നെ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ജയിൽ സൂപ്രണ്ട് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസറെ അറിയിക്കും.
ഇദ്ദേഹത്തിന്റെ അനുമതിയില്ലാതെ പ്രതി സ്റ്റേഷൻ പരിധി വിട്ടുപോകരുത്. പരോൾ ലഭിക്കുന്നയാൾ അന്നോ അടുത്ത ദിവസമോ ലോക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി പരോൾ ഉത്തരവ് സാക്ഷ്യപ്പെടുത്തുകയും ഇടവേളകളിൽ സ്റ്റേഷനിൽ ഹാജരാവുകയും അതുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകൾ പിന്നീട് ജയിലിൽ തിരിച്ചെത്തുമ്പോൾ സൂപ്രണ്ടിന് കൈമാറുകയും വേണം. ഇത് ഡിജിറ്റൽ രേഖയാക്കി സൂപ്രണ്ട് ബന്ധപ്പെട്ട ഫയലിൽ സൂക്ഷിക്കും.
പരോൾ കാലയളവിൽ പ്രതിയുടെ ദുർനടപ്പ് സംബന്ധിച്ച് വിവരം ലഭിച്ചാൽ ജയിൽ സൂപ്രണ്ട് ജില്ല പൊലീസ് മേധാവിയെ വിവരമറിയിച്ച് ബന്ധപ്പെട്ടയാളെ ഉടൻ തിരികെ ജയിലിലെത്തിക്കണം. പ്രതികളുടെ ജയിലിലെ പെരുമാറ്റ രീതിയടക്കം പരിശോധിച്ച് ആവശ്യമായ കൂടുതൽ കർശനവ്യവസ്ഥ സൂപ്രണ്ടുമാർക്ക് ഉൾപ്പെടുത്താനും ജയിൽ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.