ദുരന്തനിവാരണ മോക് ഡ്രില്ലിന് കർശന മാർഗനിർദേശം; ഉപകരണങ്ങള്‍ പ്രവർത്തനക്ഷമമാണോ എന്ന് മുൻകൂർ പരിശോധിക്കണം
text_fieldsതിരുവനന്തപുരം: ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തനത്തിന് നടത്തുന്ന മോക്ഡ്രില്ലുകളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് മുൻകൂർ പരിശോധിച്ച് ഉറപ്പുവരുത്താൻ കർശന നിർദേശം.
പ്രവര്ത്തനക്ഷമമല്ലാത്തവയും തകരാറുകളുള്ള ഉപകരണങ്ങളും ഒരുകാരണവശാലും ഉപയോഗിക്കരുതെന്നും ദുരന്ത പ്രതികരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പത്തനംതിട്ടയില്‍ മോക്ഡ്രില്ലിനിടെ വളന്റിയര്‍ ബിനു സോമന് മരിക്കാനിടയായ സംഭവത്തിൽ ലാന്‍ഡ് റവന്യൂ കമീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശം. രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് മോക് ഡ്രില്‍ സമയത്തുമാത്രം പരിശോധിക്കുന്ന സംഭവങ്ങള്‍ ഒട്ടേറെ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
മോക്ഡ്രില്‍ കഴിഞ്ഞാൽ പോരായ്മ കണ്ടെത്തി പരിഹരിക്കാന്‍ ജില്ല കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) എന്നിവര്‍ നേരിട്ട് നടപടിയെടുക്കണം. ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) തസ്തികയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അവഗാഹമുള്ള ഡെപ്യൂട്ടി കലക്ടറെ നിയമിക്കണം.
മോക്ഡ്രില്‍ സ്ഥലത്ത് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ല. ഡ്രില്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രവേശനം നല്കുന്ന ആളുകളുടെ കൃത്യമായ എണ്ണം മുന്‍കൂട്ടി രേഖപ്പെടുത്തണം.
അംഗങ്ങള്‍ക്കും വളന്റിയേഴ്സിനും ശരിയായ രീതിയിൽ പരിശീലനം സംഘടിപ്പിക്കണം. മോക്ഡ്രില്ലുകള്ക്ക് മുന്നോടിയായി വിവിധ വിഭാഗങ്ങള്‍ സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളില്‍ ആസൂത്രണയോഗം ചേരണം. മോക്ഡ്രില്‍ നടത്തുന്ന സ്ഥലത്ത് വാഹനങ്ങള്‍ എത്തിച്ചേരാനുള്ള സൗകര്യം, ആശുപത്രി, ജലാശയങ്ങളിലെ അപകട സാധ്യത തുടങ്ങിയവ നേരത്തേ പരിശോധിച്ച് ഉറപ്പാക്കണം.
തദ്ദേശസ്ഥാപനങ്ങള്‍ ഇത്തരം സ്ഥലം കണ്ടെത്തി അറിയിക്കണം. പരിശീലനം സിദ്ധിച്ച ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങളെയും സന്നദ്ധ പ്രവര്ത്തകെരയുമാണ് ഉള്‍പ്പെടുത്തേണ്ടത്. വളന്റിയേഴ്സിനെ തെരഞ്ഞെടുക്കുമ്പോള്‍ മുന്‍പരിചയം, കായികക്ഷമത, രോഗാവസ്ഥ എന്നിവ പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.