പൊതുവിതരണരംഗത്തെ പരിശോധന ശക്തമാക്കാൻ കർശന ഉത്തരവ്
text_fieldsപാലക്കാട്: നിർജീവമായ എൻഫോഴ്സ്മെന്റ് സംവിധാനത്തെ ചലിപ്പിക്കാൻ കർശന നടപടികളുമായി സിവിൽ സൈപ്ലസ് വകുപ്പ്. ഉദ്യോഗസ്ഥർക്ക് ടാർഗറ്റ് നിശ്ചയിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഉത്തരവിറക്കി. പരിശോധന ശക്തമാക്കാൻ ജില്ല സപ്ലൈ ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിങ് ഇൻസ്പെക്ടർമാർ എന്നിവർക്ക് നിർദേശം നൽകി. റേഷനിങ് ഇൻസ്പെക്ടർമാർ രണ്ട് മാസത്തിലൊരിക്കൽ റേഷൻകട ഉൾപ്പെടെ എല്ലാ ന്യായവില ഷോപ്പുകളും വെൽഫെയർ സ്ഥാപനങ്ങളും പരിശോധിക്കണം. താലൂക്ക് സപ്ലൈ ഓഫിസർ അദ്ദേഹത്തിന് കീഴിെല സ്ഥാപനങ്ങളിലെ 30 ശതമാനവും ജില്ല സപ്ലൈ ഓഫിസർ അദ്ദേഹത്തിന് കീഴിെല സ്ഥാപനങ്ങളിലെ 20 ശതമാനവും പരിശോധിച്ച് ക്രമക്കേടുകൾ ഇല്ലെന്ന് ഉറപ്പാക്കണം. പരിശോധന നാമമാത്രമായതോടെ റേഷൻകടകൾ മുതൽ വെൽെഫയർ സ്ഥാപനങ്ങൾ വരെയുള്ള ഇടങ്ങളിൽ ക്രമക്കേട് വ്യാപകമായതായി ആരോപണമുണ്ട്. റേഷനിങ് ഇൻസ്പെക്ടർ മുതൽ കൺട്രോളർ വരെയുള്ള എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് അധികാരം നൽകി 2021ൽ ഉത്തരവായിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു.
ഓരോ മാസത്തെയും ലഭ്യമായ സ്റ്റോക്കിനനുസരിച്ച് നിശ്ചയിക്കുന്നതിന് വിരുദ്ധമായി അരി വിതരണം ചെയ്യുന്നതിനാൽ റേഷൻ കടകളിലെ ഇനം തിരിച്ചുള്ള സ്റ്റോക്കിൽ വലിയ വ്യത്യാസം കാണുന്നു. കടയിലെ മൊത്തം അരിയുടെ സ്റ്റോക്ക് ശരിയായാൽ മതിയെന്നും ഇതിലൂടെ സർക്കാറിന് നഷ്ടമില്ലെന്നുമുള്ള ന്യായീകരണമാണ് കടയുടമകൾ ഉയർത്തുന്നത്.
ഭക്ഷ്യവകുപ്പ് നിശ്ചയിക്കുന്ന പ്രകാരം അരി വിതരണം ചെയ്യാതെ കടയുടമകളുടെ സാമ്പത്തിക ലാഭത്തിനാണ് ചിലർ ശ്രമിക്കുന്നത്. റേഷൻകടകളിൽ കൃത്യമായ പരിശോധന നടത്തേണ്ട ഇൻസ്പെക്ടർമാരുടെ ഉദാസീനതയും ലൈസൻസിയുമായി ചേർന്ന് നടത്തുന്ന ഒത്തുകളികളുമാണ് റേഷൻകടകളിലെ ക്രമക്കേടുകൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിരവധി ഉദ്യോഗസ്ഥർ ഒരുകടയിലും പരിശോധന നടത്താതെ കൃത്യമായി അലവൻസ് വാങ്ങിയതായി ആരോപണമുണ്ട്. സംസ്ഥാനത്ത് പ്രതിമാസം ശരാശരി നാലര ലക്ഷം രൂപ ഗതാഗത അലവൻസ് നൽകുന്നുണ്ടെങ്കിലും ഇത്രയും തുക പിഴ ഇനത്തിൽ ലഭിക്കാത്തത് പരിശോധന കാര്യക്ഷമമല്ലെന്നതിന് തെളിവാണെന്ന് സിവിൽ സപ്ലൈസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. കടകളിൽ വൻ സ്റ്റോക്ക് വ്യത്യാസം കണ്ടാലും മിക്ക ഉദ്യോഗസ്ഥരും കണ്ണടക്കുന്നെന്നാണ് ആരോപണം. ഇൻസ്പെക്ടർമാരുടെ പരിശോധന വിലയിരുത്തേണ്ട താലൂക്ക്, ജില്ല സപ്ലൈ ഓഫിസർമാരും മൗനംപാലിക്കുകയാണ്. അതേസമയം, കൃത്യമായി പരിശോധന നടത്തുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ മേലുദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായും സമ്മർദം ചെലുത്തി സ്ഥലംമാറ്റുന്നതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.