റെഡ്സോൺ ജില്ലകളിൽനിന്ന് വരുന്നവർക്കും നിർബന്ധിത ക്വാറൻറീൻ
text_fieldsതിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്താൻ 1,80,040 പേർ നോർക്ക വഴി രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 25,410 പേർക്ക് പാസ് നൽകി. ഇവരിൽ 3363 പേർ തിരിച്ചെത്തി.
രാജ്യത്ത് രോഗബാധ തീവ്രമായുള്ള പത്തു ജില്ലകളുണ്ട്. അത്തരം ജില്ലകളിൽനിന്നോ നഗരങ്ങളിൽനിന്നോ വരുന്നവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയും ജാഗ്രതയും വേണമെന്ന് തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളിലെ റെഡ്സോൺ ജില്ലകളിൽനിന്ന് വരുന്നവർ ഒരാഴ്ച നിർബന്ധമായും സർക്കാർ ഒരുക്കുന്ന ക്വാറൻറീനിൽ കഴിയണം.
നോർക്കയിൽ രജിസ്റ്റർ ചെയ്ത് അതിർത്തികളിൽ എത്തുന്നവർ കുടുങ്ങി കിടക്കാൻ കഴിയില്ല. രണ്ടിടത്തെയും പാസ് വേണം. എവിടെനിന്നാണോ പുറപ്പെടുന്നത് അവിടത്തെ പാസും എവിടെയാണോ എത്തേണ്ടത് അവിടത്തെ പാസും ആവശ്യമാണ്. നേരത്തേ സമയം നിശ്ചയിച്ച് നൽകുന്നുണ്ട്. അതിർത്തിയിലെത്തിയാൽ പെട്ടന്ന് പരിശോധന പൂർത്തിയാക്കി യാത്ര തുടരാൻ കഴിയണം. കാലതാമസം ഒഴിവാക്കണം. അതിർത്തികളിൽനിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ പാടുള്ളൂ. ഒരു സ്ഥലത്തും സ്വീകരണ പരിപാടി അനുവദിക്കില്ല. ഉദ്യോഗസ്ഥരല്ലാത്ത ആരും അവിടെ ഉണ്ടാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളീയരെ തിരിച്ചെത്തിക്കാൻ ട്രെയിൻ ഏർപ്പാടാക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അതിൽ പഞ്ചാബ്, ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിയുന്ന വിദ്യാർഥികളുണ്ട്. അത്തരം വിദ്യാർഥികളെ ഡൽഹി കേന്ദ്രീകരിച്ച് ട്രെയിൻ വഴി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് വാഹനം ലഭിക്കുന്നതിനുള്ള പ്രയാസമുണ്ട്. അവർ ചിലവു വഹിക്കാൻ തയാറാണെങ്കിലും വാഹനം ലഭ്യമാകുന്നില്ല. ഇവർക്ക് പ്രത്യേക സംവിധാനം ഒരുക്കാൻ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.