ശർക്കര ക്ഷാമം മൂലം ഉൽപാദനം നിലച്ചു; ശബരിമലയിൽ അപ്പം,അരവണ വിൽപനയിൽ കടുത്ത നിയന്ത്രണം
text_fieldsശബരിമല : ശർക്കര ക്ഷാമം മൂലം ഉൽപാദനം നിലച്ചതിനെ തുടർന്ന് ശബരിമലയിലെ പ്രധാന പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയുടെ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരു തീർത്ഥാടകന് അഞ്ചു ബോട്ടിൽ അരവണയും അഞ്ചു പായ്ക്കറ്റ് അപ്പവും മാത്രമാണ് നൽകുന്നത്. ഇത് തീർത്ഥാടകരുടെ വലിയ പ്രതിഷേധത്തിനും ഇയാക്കിയിട്ടുണ്ട്.
വലിയ അളവിൽ പ്രസാദങ്ങൾ വാങ്ങാൻ എത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകരാണ് നിയന്ത്രണം മൂലം ഏറെ വലയുന്നത്. ഒരാൾക്ക് അഞ്ചു ബോട്ടിൽ എന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രസാദ കൗണ്ടറുകൾക്ക് മുമ്പിൽ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.
പ്രസാദ നിർമാണത്തിന് ആവശ്യമായ ശർക്കര എത്തിക്കുവാൻ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി ശർക്കര ശേഖരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നാണ്. അവിടെ കരിമ്പ് ക്ഷാമം രൂക്ഷമായതിനെത്തുടന്ന് ശർക്കരയുടെ വരവ് രണ്ടാഴ്ചയായി നിലച്ചു കിടക്കുകയാണ്. ഇതാണ് പ്രസാദ നിർമാണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
മണ്ഡലപൂജ വരെയുള്ള പ്രസാദ നിർമാണത്തിനുള്ള ശർക്കര സ്റ്റോക്ക് ഉണ്ടെന്നായിരുന്നുവെന്നാണ് ദേവസ്വം ബോർഡിന്റെ അവകാശ വാദം. എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി ലക്ഷത്തോട് അടുത്ത തീർത്ഥാടകരാണ് പ്രതിദിനം ദർശനത്തിന് എത്തുന്നത് . ഇതും ബോർഡിന്റെ കണക്കുകൂട്ടൽ തെറ്റിച്ചുവെന്നു വേണം അനുമാനിക്കാൻ.
കരിമ്പ് ക്ഷാമം രൂക്ഷമായതോടെ കരാർ തുകയായ കിലോയ്ക്ക് 42 രൂപക്ക് പകരം 47 രൂപ നൽകണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയ ദേവസ്വം ബോർഡ് ഓപ്പൺ മാർക്കറ്റിൽ നിന്നും അടക്കം ശർക്കര എത്തിച്ച് പ്രശ്നം പരിഹരിക്കുവാൻ ശ്രമം നടത്തിയിരുന്നു.
ഇതും നടപ്പിലാകാതെ വന്നതോടെയാണ് അപ്പം, അരവണ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉടലെടുത്തത്. ഈ നില തുടർന്നാൽ അരവണയ്ക്ക് പിന്നാലെ അപ്പം വിൽപ്പനയിലും വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.