Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപകർക്ക് കർശന...

അധ്യാപകർക്ക് കർശന നിയന്ത്രണങ്ങളുമായി എൻ.എസ്.എസ്; പ്ര​ക്ഷോഭ മുന്നറിയിപ്പുമായി അധ്യാപക സംഘടന

text_fields
bookmark_border
അധ്യാപകർക്ക് കർശന നിയന്ത്രണങ്ങളുമായി എൻ.എസ്.എസ്; പ്ര​ക്ഷോഭ മുന്നറിയിപ്പുമായി അധ്യാപക സംഘടന
cancel

കോട്ടയം: നായർ സർവിസ് സൊസൈറ്റിക്ക് (എൻ.എസ്.എസ്) കീഴിലുള്ള കോളജുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാർക്ക് സമൂഹമാധ്യമങ്ങളിൽ ഇടപെടു​ന്നതിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി മാനേജ്മെന്റ്. ജീവനക്കാര്‍ ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പുതിയ അധ്യയന വര്‍ഷത്തിന്റെ ഭാഗമായി എന്‍എസ്എസ് കോളജ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി, കേരള സര്‍ക്കാര്‍, യുജിസി എന്നിവയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു.

ടി.വി ചർച്ചയിൽ പ​ങ്കെടുക്കാനും അനുമതി വേണം

യുജിസി അനുശാസിക്കുന്ന എല്ലാ നിയമപരമായ വ്യവസ്ഥകളും സേവന നിയമങ്ങളും പ്രൊഫഷണല്‍ പെരുമാറ്റ ചട്ടങ്ങളും എയ്ഡഡ് കോളജുകളിലെ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ബാധകമാണെന്ന് അറിയിപ്പിൽ ഓർമിപ്പിക്കുന്നുണ്ട്. അധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കു​മ്പോൾ ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ, ടി.വി ചർച്ചകൾ, ചാനൽ ഷോകൾ തുടങ്ങിയവക്ക് പ്രിൻസിപ്പലിന്റെയോ മാനേജ്മെന്റിന്റെയോ മുന്‍കൂര്‍ അനുമതി തേടണം.

കലണ്ടറുകൾ അനുവദിക്കില്ല

കാമ്പസി​ൽ ഉപയോഗിക്കുന്ന കലണ്ടറുകൾക്കും മാനേജ്മെൻറ് നിയന്ത്രണം ​പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍/ കേന്ദ്ര സർക്കാർ/ നായര്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ കലണ്ടറുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഉത്തരവ്. അധ്യാപക സംഘടനകളുടെയും മറ്റും കലണ്ടറുകൾ കോളജ് കെട്ടിടങ്ങളില്‍ നിന്നും ഓഫിസുകളില്‍ നിന്നും പ്രിന്‍സിപ്പൽ ഇടപെട്ട് നീക്കണമെന്നാണ് നിർദേശം. കാമ്പസിലും വിവിധ പഠന വകുപ്പുകളിലും അക്കാദമികമോ, ഔദ്യോഗികമോ ആയ പോസ്റ്ററുകള്‍ ഒഴികെയുള്ളവ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. നിര്‍ദേശങ്ങൾ ലംഘിച്ചാൽ മാനേജ്‌മെന്റിനെ അറിയിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ലിംഗ്‌ദോ കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കണം

കാമ്പസ് രാഷ്ട്രീയം, വിദ്യാര്‍ഥികളുടെ അച്ചടക്കം എന്നിവ സംബന്ധിച്ച ലിംഗ്‌ദോ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലാബുകള്‍, സെമിനാര്‍ ഹാളുകള്‍, കമ്പസ് എന്നിവ വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ അനധ്യാപക ജീവനക്കാര്‍ക്കോ രാഷ്ട്രീയ, സംഘടനാ ആവശ്യങ്ങള്‍ക്കായി അനുവദിക്കില്ല. കാമ്പസിലെ ഇത്തരം ഇടങ്ങള്‍ അക്കാദമികവും, നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായതുമായ കാര്യങ്ങള്‍ക്കായി മാത്രമായിരിക്കും അനുവദിക്കുക. ഇതിനായി പ്രിന്‍സിപ്പലിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങണം.

പ്രക്ഷോഭ മുന്നറിയിപ്പുമായി അധ്യാപക സംഘടന

സർവകലാശാലാ നിയമങ്ങൾക്ക് നിരക്കാത്തതും സർക്കാർ നിർദേശങ്ങൾക്ക് വില കൽപിക്കാത്തതുമായ മാനേജ്മെന്റിന്റെ കരിനിയമങ്ങൾക്കെതിരെ ആൾ കേരള ​െപ്രെവറ്റ് കോളജ് ടിച്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. മാനേജരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഇത്തരം അനുഭവങ്ങളെ മുൻനിർത്തി കൂടുതൽ ജനാധിപത്യപരവും അധികാരദുർവിനിയോഗം ഒഴിവാക്കാൻ ഉതകുന്നതുമായ പുത്തൻ നിയമങ്ങൾക്ക് വേണ്ടി പ്രക്ഷോഭ രംഗത്ത് ഇറങ്ങുമെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ ബിജുകുമാർ, ജനറൽ സെക്രട്ടറി ഡോ സി പത്മനാഭൻ എന്നിവർ മുന്നറിയിപ്പ് നൽകി.



അധ്യാപകസംഘടനകളുടെ കലണ്ടർ ചുവരിൽ തൂങ്ങുന്നതാണ് വലിയ പ്രശ്നം എന്ന മട്ടിലുള്ള നിരീക്ഷണങ്ങളും സംഘടനാ യോഗങ്ങൾ തടയാനുള്ള ശ്രമവും തികച്ചും പരിഹാസ്യമായി മാത്രമേ ആധുനിക സമൂഹം കാണുകയുള്ളൂ. അധ്യാപകർക്ക് രാജ്യത്ത് നിലവിലുള്ള പൗരത്വസംബന്ധിയായതും രാഷ്ട്രീയപരമായതുമായ പൂർണ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന യുജിസിയുടെ പെരുമാറ്റചട്ടത്തിന് വിരുദ്ധമായതും സർവകലാശാലാ നിയമങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും നിരക്കാത്തതാണ് ഉത്തരവ്. അധ്യാപകസമൂഹത്തിന്റെയും കേരളത്തിലെ പ്രബുദ്ധരായ പൊതുസമൂഹത്തിന്റെയും ജനാധിപത്യപരമായ പ്രതിഷേധശബ്ദങ്ങൾ ഈ വിഷയത്തിൽ ശക്തമായി ഉയരണം. സർവകലാശാല നിയമം അധ്യാപകർക്ക് അനുവദിച്ചു നൽകിയ സാമൂഹിക ഇടപെടൽ സ്വാതന്ത്യം നിഷേധിക്കുന്നത് സ്ഥാപനങ്ങളേയും ഉന്നതവിദ്യാഭ്യാസമേഖലയേയും പൊതുസമൂഹത്തിൽ നിന്നും അകറ്റും. ആധുനിക വിദ്യാഭ്യാസരീതികൾ നടപ്പിലാക്കാനാവശ്യമായ യുജിസി അനുശാസിക്കുന്ന സൗകര്യങ്ങൾ കോളജിലും അധ്യാപകർക്കും വിദ്യാർഥികൾക്കും ഏർപെടുത്തുന്നതിന് പകരം മാനേജർ നടത്തുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങൾ കലാലയ അന്തരീക്ഷത്തെ കലുഷിതമാക്കാൻ മാത്രമേ ഉതകുകയുള്ളൂവെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSrestrictionsteachers
News Summary - Strict restrictions on teachers and other employees in NSS educational institutions
Next Story