ബിഷപ്പിനെതിരെ സമരം പടരുന്നു: ഇന്ന് സെക്രേട്ടറിയറ്റ് പടിക്കലും മൂന്ന് ജില്ല കേന്ദ്രങ്ങളിലും സമരം; ജലന്ധർ അരമന വളയും
text_fieldsകൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ദേശീയശ്രദ്ധയിലേക്ക്. ഐക്യദാർഢ്യവുമായി കൂടുതൽപേർ എത്തുന്നതിനുപുറമെ സമരം ഒപ്പിയെടുക്കാൻ ദേശീയമാധ്യമങ്ങളുടെ വൻനിരയാണ് സമരപ്പന്തലിലെത്തിയത്. ബുധനാഴ്ച മുതൽ സമരം തിരുവനന്തപുരത്തേക്കും വ്യാപിക്കും.
ചൊവ്വാഴ്ച രാവിലെ മുതലേ ഹൈകോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറിൽ സമരത്തിന് ഐക്യദാർഢ്യവുമായി നിരവധിപേർ എത്തി. പത്തോളം ദേശീയമാധ്യമങ്ങൾ സമരം തത്സമയം സംപ്രേഷണം ചെയ്തു. അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന സമരത്തിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയുണ്ട്.
കുറവിലങ്ങാട് മഠത്തില്‍നിന്ന് ഉച്ചക്ക് 12.30ഓടെ എത്തിയ കന്യാസ്ത്രീകളായ അനുപമ, ജോസഫൈന്, ആല്‍ഫി, ലീനാ റോസ് എന്നിവരെ മുദ്രാവാക്യം വിളികളോടെയാണ് സമരവേദിയിലേക്ക് സ്വാഗതം ചെയ്തത്. എ.ഐ.വൈ.എഫ്, എസ്.യു.സി.ഐ, മഹിള മോര്‍ച്ച, നാഷനല്‍ വിമൻസ് ഫ്രണ്ട് എന്നീ സംഘടനകളാണ് ആദ്യ മണിക്കൂറുകളില്‍ എത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഫോണിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സേവ് ഒൗവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ബുധനാഴ്ച സെക്രേട്ടറിയറ്റ് പടിക്കൽ സമരം നടത്തും.
വി.എം. സുധീരന്, പന്ന്യന്‍ രവീന്ദ്രന്, കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഇടുക്കി, കോഴിക്കോട്, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിലും സമരം നടത്തും. ആർ.എം.പി പഞ്ചാബ് ഘടകത്തിെൻറ നേതൃത്വത്തിൽ ജലന്ധർ അരമന വളയുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. സിനിമ മേഖലയിൽനിന്ന് മേജർ രവി, സന്തോഷ് കീഴാറ്റൂർ, കവി ബാലചന്ദ്രൻ ചുള്ളിക്കാട്, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ദേശീയ സെക്രട്ടറി അഡ്വ. ജയശങ്കർ, ജനകീയപ്രതിരോധ സമിതി സംസ്ഥാന പ്രസിഡൻറ് പ്രഫ.കെ. അരവിന്ദാക്ഷന്, സ്ത്രീസുരക്ഷ സമിതി സംസ്ഥാന പ്രസിഡൻറ് ഡോ. വിന്‍സൻറ് മാളിയേക്കല്‍, മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ രേണു സുരേഷ്, അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡൻറ് മിനി കെ. ഫിലിപ് എന്നിവരും വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥിനികളും സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.