രണ്ടാംദിനവും സമരമുഖരിതമായി ഗവ. നഴ്സിങ് കോളജ് കവാടം; പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
text_fieldsകോട്ടയം ഗവ. നഴ്സിങ് കോളജിലേക്ക് മാർച്ച് നടത്തിയ എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
കോട്ടയം: റാഗിങ് വിഷയത്തിൽ രണ്ടാംദിനവും സമരമുഖരിതമായി കോട്ടയം ഗവ. നഴ്സിങ് കോളജ് കവാടം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ്, കേരള ഗവ. നഴ്സസ് യൂനിയൻ എന്നിവയുടെ നേതൃത്വത്തിൽ കോളജിലേക്ക് മാർച്ച് നടത്തി.
കേരള ഗവ. നഴ്സസ് യൂനിയൻ (കെ.ജി.എൻ.യു) പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും മറ്റ് ഇരുകൂട്ടർക്കും നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാവിലെ പതിനൊന്നോടെ കെ.ജി.എൻ.യു ആണ് കോളജ് കവാടത്തിൽ ആദ്യമെത്തിയത്. ഗാന്ധിനഗർ പൊലീസിന്‍റെ നേതൃത്വത്തിൽ കവാടത്തിനുമുന്നിൽ ബാരിക്കേഡ്വെച്ച് വഴി അടച്ചിരുന്നു. മാർച്ചിനുശേഷം ചേർന്ന പ്രതിഷേധയോഗം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യോഗം അവസാനിക്കുന്നതിനുമുമ്പ് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് പ്രവർത്തകർ ഒന്നിച്ചെത്തി. മുദ്രാവാക്യം വിളിയോടെ എത്തിയ ഇവർ ഏറെനേരം ബാരിക്കേഡ് വലിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവരെ മാറ്റാൻ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് നടന്ന യോഗം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.
യോഗം തീരുംമുമ്പ് ബി.ജെ.പി പ്രവർത്തകരും എത്തി. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുകയും ജലപീരങ്കി വാഹനത്തിനുനേരെ കല്ലും വടിയും എടുത്തെറിയുകയും ചെയ്ത പ്രവർത്തകർക്കുനേരെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ യോഗം ചേർന്ന് പിരിയുകയായിരുന്നു. ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻറ് ജി. ലിജിൻ ലാൽ യോഗം ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.