റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിൽപെട്ട 29.06 ലക്ഷം കുടുംബങ്ങൾക്കുള്ള സൗജന്യ റേഷൻ സംസ്ഥാന സർക്കാർ നിർത്തലാക്കുന്നു. ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷൻ വ്യാപാരികൾക്ക് വേതന പാക്കേജ് നടപ്പാക്കുന്നതിെൻറ ഭാഗമായാണ് 29,06,709 റേഷൻകാർഡ് ഉടമകളെ ഒറ്റയടിക്ക് സൗജന്യ പട്ടികയിൽനിന്ന് പുറത്താക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. പാക്കേജ് നടപ്പാക്കുന്നതോടെ അരിക്കും ഗോതമ്പിനും കിലോക്ക് ഒരു രൂപ കൂടും. കാർഡ് ഉടമകളിൽനിന്നാകും ഇത് ഈടാക്കുക. ഇതിെൻറ അടിസ്ഥാനത്തിൽ മുൻഗണന വിഭാഗത്തിലെ (പിങ്ക് റേഷൻ കാർഡ്) ഓരോ അംഗത്തിനും സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന നാല് കിലോ അരിക്കും ഒരു കിലോ ഗോതമ്പിനും അഞ്ചു രൂപ നല്‍കണം. കാർഡിൽ നാല് അംഗങ്ങൾ ഉണ്ടെങ്കിൽ 20 രൂപ നൽകണം.
ഇതോടെ സംസ്ഥാനത്ത് 5,95,800 ലക്ഷം വരുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിന് (മഞ്ഞ കാര്‍ഡ് ഉടമകള്‍) മാത്രമായിരിക്കും ഇനി സൗജന്യ റേഷന്‍ അർഹത. ഇവർക്ക് കാർഡ് ഒന്നിന് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും സൗജന്യമായി തുടർന്നും ലഭിക്കും. നീല കാർഡുകാർക്ക് രണ്ടുരൂപക്ക് രണ്ട് കിലോയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇത് മൂന്നുരൂപയാകും. സബ്സിഡിയൊന്നും ലഭിക്കാത്ത വെള്ള റേഷൻ കാർഡുടമകൾക്ക് നാളിതുവരെ 8.90 രൂപക്ക് ഒരു കിലോ അരിയും 6.90 രൂപക്ക് ഒരു കിലോ ഗോതമ്പും ലഭിച്ചെങ്കിൽ വേതനപാക്കേജ് നടപ്പാക്കുന്നതോടെ അരിക്ക് 9.90 രൂപയും ഗോതമ്പിന് 7.90 രൂപയും നൽകണം. ഉത്തരവ് രണ്ടുദിവസത്തിനുള്ളിൽ പുറത്തിറങ്ങുമെന്നാണ് വിവരം. റേഷൻ കടകളിൽ ഇ-പോസ് (ഇലക്ട്രോണിക് പോയൻറ് സെയിൽ) മെഷീൻ സ്ഥാപിക്കുന്ന മുറക്കായിരിക്കും കൈകാര്യചെലവ് പ്രാബല്യത്തിൽ വരുക. ആദ്യഘട്ടത്തിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ മുൻഗണനക്കാരായിരിക്കും സൗജന്യ പട്ടികയിൽനിന്ന് പുറത്തുപോകുക.
റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് പ്രതിമാസം ഏറ്റവും കുറഞ്ഞത് 16,000 രൂപ കമീഷന് ലഭിക്കുന്ന വിധത്തിൽ 349.5 കോടിയുടെ പാക്കേജിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കാർഡ് ഉടമകളിൽനിന്ന് ഒരു കിലോക്ക് ഒരു രൂപ ഈടാക്കുന്നതിലൂടെ 117.4 കോടി സര്‍ക്കാറിന് ലഭിക്കും. ഇ-പോസ് മെഷീൻ സ്ഥാപിച്ചുകഴിഞ്ഞാൽ 44.59 കോടി കേന്ദ്രസഹായമായി ലഭിക്കും. കൂടാതെ, നിലവിൽ 142.5 കമീഷൻ ഇനത്തിൽ വ്യാപാരികൾക്ക് സർക്കാർ നൽകുന്നുണ്ട്. ഇതിനുപുറമെ 45 കോടിയുടെ അധികബാധ്യതയും കൂടി ഏറ്റെടുത്താണ് സർക്കാർ പാക്കേജ് നടപ്പാക്കുക. പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ കഴിഞ്ഞ മൂന്നുദിവസമായി സംസ്ഥാനത്ത് ഒരുവിഭാഗം റേഷൻ വ്യാപാരികൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.
ബുധനാഴ്ച ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷമാണ് സമരത്തിൽനിന്ന് പിന്മാറാൻ സംയുക്ത സമരസമിതി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.