സമരം തുടരും –നഴ്സസ് അസോസിയേഷൻ
text_fieldsതൃശൂര്‍: വേതനവർധന ആവശ്യപ്പെട്ട നഴ്സുമാരുടെ സമരം തുടരാൻ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു. സമരം ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ ആശുപത്രി മാനേജ്മെൻറ് അസോസിയേഷൻ ബുധനാഴ്ച മുഖ്യമന്ത്രിയെ കാണും. കഴിഞ്ഞ ദിവസം രാത്രി മന്ത്രി വി.എസ്.സുനിൽകുമാർ സമരക്കാരുമായി ചർച്ച നടത്തുകയും പനി പടരുന്ന സാഹചര്യത്തിൽ 27ന് ഐ.ആർ.സി യോഗം നടക്കുന്നത് വരെ സമരം നിർത്തണമെന്ന് നിർദേശിച്ചിരുന്നു. രാവിലെ തൃശൂരിൽ ചേർന്ന നഴ്സസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവും, പിന്നീട് ചേർന്ന തൃശൂർ ജില്ല കമ്മിറ്റിയും മന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്തെങ്കിലും സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം പെരിങ്ങാവിലെ ദയ ജനറല്‍ ആശുപത്രി മാനേജ്മെൻറ് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കരാര്‍ ഒപ്പിട്ടു. ഇതോടെ ഇവിടെ നടത്തിവന്ന സമരം അവസാനിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് മുഴുവൻ ജീവനക്കാരും തിരികെ ജോലിയിൽ പ്രവേശിച്ചു. 50 ശതമാനം ഇടക്കാലാശ്വാസം നല്‍കാമെന്ന വ്യവസ്ഥയാണ് ദയ മാനേജ്മെൻറ് അംഗീകരിച്ച് യു.എൻ.എയുമായി കരാറുണ്ടാക്കിയത്. ഇതനുസരിച്ച് 5,400 രൂപ ഇടക്കാലാശ്വാസം ലഭിക്കും. നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാറും മന്ത്രിമാരും പരിശ്രമിക്കുന്നതിനിടെ ചില സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾ തുടരുന്ന ധിക്കാര നടപടികളിൽ യു.എൻ.എ സംസ്ഥാന എക്സിക്യൂട്ടീവും തൃശൂർ ജില്ല കമ്മിറ്റിയും പ്രതിഷേധിച്ചു. ബഹുഭൂരിഭാഗം മാനേജ്മെൻറുകളും സമരം തീർക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒത്തുതീർപ്പ് ചർച്ചകൾ തുടരുന്ന ആശുപത്രികളിലും വരും മണിക്കൂറുകളിൽ സമരം അവസാനിപ്പിക്കുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ പ്രസിഡൻറ് ജാസ്മിൻഷ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി. സുധീപ്, ട്രഷറർ ബിബിൻ പോൾ, ഷോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ദയ ആശുപത്രിയടക്കം വിവിധ ആശുപത്രികൾ നഴ്സുമാരുടെ സമരത്തിന് അനുകൂല നിലപാടെടുത്ത സാഹചര്യത്തിൽ ആശുപത്രി മാനേജ്മെൻറ് അസോസിയേഷൻ അടിയന്തര യോഗം വൈകീട്ട് തൃശൂരിൽ ചേർന്നു. പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച നേരിൽ കാണാൻ യോഗം തീരുമാനിച്ചതായി മാനേജ്െമൻറ് അസോസിയേഷൻ സെക്രട്ടറി ഡോ.ഇ.കെ. രാമചന്ദ്രൻ പറഞ്ഞു. ഇതിനിടെ യു.എൻ.എ നൽകിയ ഹരജി പരിഗണിച്ച് സുപ്രീം കോടതി നിയോഗിച്ച ശിപാർശ നടപ്പാക്കണമെന്ന് ഹൈകോടതി ചൊവ്വാഴ്ച ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.