തുടർപരിശോധനകളില്ലാത്തത് തിരിച്ചടി; മീനിലെ രാസവസ്തു കണ്ടെത്താൻ നൽകുമെന്ന് പറഞ്ഞ 'സ്ട്രിപ്പും' കാണാനില്ല
text_fieldsതിരുവനന്തപുരം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ള പഴകിയതും കേടായതുമായ ഭക്ഷ്യവസ്തുക്കളുടെ പരിശോധനകൾ ഇപ്പോഴും പ്രഹസനം. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം ഭക്ഷ്യസുരക്ഷ വിഭാഗം നടത്തുന്ന പരിശോധനകൾ കൊണ്ട് പ്രയോജനമില്ലെന്ന വാദമാണ് ഉയരുന്നത്. 'ഓപറേഷൻ സാഗർ റാണി' യുടെ ഭാഗമായി മൂന്നുവർഷം മുമ്പ് കേടായ മത്സ്യം പരിശോധിക്കാൻ രണ്ടു രൂപക്ക് പൊതുജനങ്ങൾക്ക് 'സ്ട്രിപ്' നൽകുമെന്ന് പറഞ്ഞതും പാഴ്വാക്കായി.
ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ചെക്പോസ്റ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തേണ്ട തുടർപരിശോധനകൾ ഇപ്പോൾ ഒരിടത്തും കാര്യക്ഷമമല്ല. അയൽ സംസ്ഥാനങ്ങളിൽനിന്ന് രാസവസ്തുക്കൾ കലർന്ന മത്സ്യം കേരളത്തിലേക്കെത്തുന്നെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് 2018-19ൽ 'ഓപറേഷൻ സാഗർ റാണി' എന്ന പേരിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന കർശനമാക്കിയത്. മാർക്കറ്റുകൾ, ചെക്പോസ്റ്റുകൾ, ഐസ് പ്ലാന്‍റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. എന്നാൽ, അതെല്ലാം പിന്നീട് നിലച്ചു. അപ്പോഴാണ് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) വികസിപ്പിച്ച 'സ്ട്രിപ്' മത്സ്യത്തിന്‍റെ ഗുണമേന്മ പരിശോധിക്കാൻ കൊണ്ടുവന്നത്.
അതും വേണ്ടപോലെ മുന്നോട്ട് പോയില്ല. പരിശോധനകൾ നിലച്ചതോടെ കേടായതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യങ്ങൾ വ്യാപകമായി കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടായി.
ഇപ്പോൾ 'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' 'ഓപറേഷൻ മത്സ്യ' 'ഓപറേഷന്‍ ജാഗറി' എന്നീ കാമ്പയിനുകളാണ് നടന്നുവരുന്നത്. നല്ല ഭക്ഷണം നാടിന്‍റെ അവകാശം എന്നതിന്‍റെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി 2373 പരിശോധനകളാണ് നടത്തിയത്. ഓപറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു.
ഓപറേഷന്‍ ജാഗറിയുടെ ഭാഗമായി ശർക്കരയാണ് പരിശോധിച്ചത്. ഗുരുതര ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നാണ് പറയുന്നത്. ശാശ്വതമായ അടച്ചുപൂട്ടൽ ഇല്ലെന്നതാണ് യാഥാർഥ്യം. പൂട്ടുന്ന സ്ഥാപനങ്ങൾക്കെല്ലാം നോട്ടീസ് നൽകി തിരുത്തലാണ് നിർദേശിക്കുന്നത്. ദിവസങ്ങൾ കഴിയുമ്പോൾ പരിശോധനകൾ നിലക്കുന്നതോടെ ഈ സ്ഥാപനങ്ങളെല്ലാം പഴയപടിയാകുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.