സി.പി.എമ്മിനെ കളങ്കപ്പെടുത്താൻ കൊടിയും ചിഹ്നങ്ങളും ഉപയോഗപ്പെടുത്തിയാൽ ശക്തമായ നടപടി –ഡോ. വി. ശിവദാസൻ എം.പി
text_fieldsകണ്ണൂർ: സി.പി.എമ്മിനെ കളങ്കപ്പെടുത്താൻ പാർട്ടി കൊടിയും ചിഹ്നങ്ങളും ഉപയോഗപ്പെടുത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം ഡോ. വി. ശിവദാസൻ എം.പി പറഞ്ഞു. പ്രസ് ക്ലബിെൻറ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരരാജാക്കന്മാരെ വെല്ലുംവിധം ഫാൻസ് അസോസിയേഷനുകൻ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ അഭിരമിക്കുന്ന ചിലരെല്ലാം പാർട്ടിയുടെ പേരുപയോഗിച്ച് വ്യക്തിയാരാധനക്ക് സാഹചര്യമൊരുക്കുന്നതായി കാണുന്നുണ്ട്. ക്വട്ടേഷൻ സംഘങ്ങൾക്കെതിരായ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ എം.വി. ജയരാജൻ ചിലരുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. ഇനിയും ചില പേരുകൾ പറയാനുണ്ട്. അത് ഇപ്പോൾ പറയുന്നില്ല. എല്ലാം കൃത്യമായി വെളിപ്പെടുത്തുക തന്നെ ചെയ്യും- ശിവദാസൻ പറഞ്ഞു.
സമൂഹത്തിലെ അടിസ്ഥാന വർഗത്തിെൻറ അവകാശപോരാട്ടങ്ങളുടെ ഭാഗമായി എന്നും നിലനിൽക്കുമെന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശിവദാസൻ അഭിപ്രായപ്പെട്ടു. വിദ്വേഷം ജനിപ്പിക്കുന്ന തീവ്ര ദേശീയതയെ എതിർക്കുന്നവരെ രാഷ്ട്രശത്രുക്കളായി മുദ്രകുത്തുന്ന രീതി രാജ്യത്ത് ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജമ്മു–കശ്മീർ മുതൽ ലക്ഷദ്വീപ് വരെ നമ്മളത് കണ്ടു.
സർവകലാശാലകളെ പട്ടാള ക്യാമ്പുകളാക്കുന്നതിനാണ് പുതിയ നീക്കം. സെൻറ് മൈക്കിൾസ് സ്കൂളിന് മുന്നിലെ മൈതാനം വേലികെട്ടി അടക്കാൻ പട്ടാളം തീരുമാനിക്കുമ്പോൾ ജനതാൽപര്യം സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആദിവാസി കേന്ദ്രങ്ങളിൽ മികച്ച ലൈബ്രറി സംവിധാനം നടപ്പാക്കാൻ പ്രത്യേക പദ്ധതിക്ക് രൂപം നൽകും. കൊട്ടിയൂർ, കേളകം, അയ്യൻകുന്ന് ഉൾപ്പെടെയുള്ള മേഖലയിൽ മികവുറ്റ വിവര വിജ്ഞാന കേന്ദ്രങ്ങളായി പുതിയ ലൈബ്രറി സംവിധാനം മാറുമെന്നും ശിവദാസൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ജോ.സെക്രട്ടറി ടി.കെ.എ. ഖാദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.