Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപും സംഘവും...

ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിന്​ ശക്തമായ തെളിവുകൾ -പ്രോസിക്യൂഷൻ ഹൈകോടതിയിൽ

text_fields
bookmark_border
dileep
cancel

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിന്​ ശക്തമായ തെളിവുകളുണ്ടെന്ന്​ പ്രോസിക്യൂഷൻ ഹൈകോടതിയിൽ. പൊലീസ്​ ഉദ്യോഗസ്ഥരെ അനുഭവിപ്പിക്കുമെന്ന്​ പറഞ്ഞത്​ വെറും ശാപവാക്കുകളല്ലെന്ന്​ വ്യക്തമാക്കിയാണ്​ ശനിയാഴ്ച പ്രത്യേക സിറ്റിങ്ങിനിടെ ​ഡയറക്ടർ ജനറൽ ഓഫ്​​ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ നിരത്തിയത്​. അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിൽ തനിക്കെതിരെ തെളിവുകളുണ്ടാക്കാൻ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന ആരോപിച്ച്​ പുതിയ കേസെടുത്തിരിക്കുന്നതെന്ന്​ ദിലീപും വാദിച്ചു.

2017 ഡിസംബറിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ്​ എന്നിവർ എറണാകുളം എം.ജി റോഡിലെ മേത്തർ ഹോം ഫ്ലാറ്റിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ​ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷൻ ആരോപിച്ചു. 2018 മേയിൽ ആലുവ പൊലീസ് ക്ലബിന്​ സമീപത്തുകൂടി ദിലീപും മറ്റുപ്രതികളും പോകുമ്പോൾ വാഹനത്തിന്റെ വേഗം കുറക്കുകയും ആക്രമിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ആലുവ സ്വദേശി ശരത്തും സിനിമ നിർമാതാവായ ഒരു പ്രവാസി മലയാളിയും തമ്മിലെ തർക്കത്തിനിടെ ഇക്കാര്യം പറയുന്നുണ്ട്​. ഗൂഢാ​ലോചന സംബന്ധിച്ച്​ ദിലീപിന്റെ ജീവനക്കാരനായിരുന്ന ദാസന്റെയും സലീം എന്നയാളുടെയും മൊഴിയുണ്ട്​. തെളിവുകൾ കൂടുതൽ സാധൂകരിക്കാൻ പ്രതികളുടെ മൊബൈൽ ഫോണുകളുടെ പരിശോധന അനിവാര്യമായതിനാലാണ്​ അവ ആവശ്യപ്പെട്ടത്​.

സംവിധായകൻ ബാലചന്ദ്ര കുമാർ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം ചോദ്യം ചെയ്യലിൽ ശരിവെക്കുകയും ചെയ്തിട്ടുണ്ട്​. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നതോടെ പ്രതികൾ ഒരേസമയം മൊബൈൽ ഫോണുകൾ മാറ്റിയത്​ ഗൂഢാലോചനക്കുള്ള തെളിവാണ്. കേരളത്തിന് പുറത്ത് ഫോണുകൾ പരിശോധിക്കണമെന്നാണ്​ പ്രതികൾ ആവശ്യപ്പെടുന്നത്​. പ്രതികൾതന്നെ അന്വേഷണത്തിന് വ്യവസ്ഥകളുണ്ടാക്കുന്നു. ഏതെങ്കിലും പ്രതിക്ക് ഇങ്ങനെ അവസരം ലഭിച്ചിട്ടുണ്ടോയെന്നും പ്രോസിക്യൂഷൻ ആരാഞ്ഞു.

എന്നാൽ, നടിയെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികളുടെ മൊഴിയല്ലാതെ തനിക്കെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തിൽ വിചാരണ തടസ്സപ്പെടുത്തി നീട്ടിക്കൊണ്ടു പോകാനാണ്​ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്‍റെ പേരിലുള്ള നാടകമെന്ന്​ ദിലീപിന്‍റെ അഭിഭാഷകൻ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഒരു മാസമായി വേട്ടയാടുകയാണ്. ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങൾ തള്ളാനാവുന്ന വിവരങ്ങൾ ഫോണിലുണ്ട്. ഇത്​ വീണ്ടെടുക്കാനാണ്​ ഇവ മുംബൈയിലെ ഒരു ഏജൻസിക്ക് പരിശോധനക്ക്​ നൽകിയത്​. ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാൻ ആകെയുള്ള ഈ തെളിവുകൾ പുതിയ കേസിന്റെ പേരിൽ പിടിച്ചെടുത്ത്​ നശിപ്പിച്ചാൽ നീതി നിഷേധിക്കപ്പെടും.

ഡിസംബർ 29ന് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലും തുടരന്വേഷണവും വരുന്നത്. തനിക്കെതിരെ തെളിവുണ്ടാക്കാൻ കൂടുതൽ സമയം ലഭിക്കാനാണ്​ തുടരന്വേഷണം. വിചാരണ നീട്ടാൻ വിചാരണക്കോടതി ജഡ്ജിയെ സമ്മർദത്തിലാക്കുകയാണ് അന്വേഷണസംഘം. നടിയെ ആക്രമിച്ച്​ പകർത്തിയ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്നും തന്നെ കസ്റ്റഡിയിൽ കിട്ടിയാൽ ഇത്​ തന്റെ പക്കൽനിന്ന് ലഭിച്ചെന്നതിന് തെളിവുണ്ടാക്കാൻ കഴിയുമെന്നും ദിലീപ്​ വാദിച്ചു. പെൻഡ്രൈവ് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിൽ ഹരജി നൽകിയതായും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Attack CaseDileep
News Summary - Strong evidence agaianst Dileep and gang about conspiracy says Prosecution in High Court
Next Story