‘ദ കേരള സ്റ്റോറി’ക്കെതിരെ പ്രതിഷേധം കത്തുന്നു
text_fieldsതിരുവനന്തപുരം: സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ സിനിമ മേയ് അഞ്ചിന് തിയറ്ററുകളിൽ എത്താനിരിക്കെ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിനിമക്ക് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി.
രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും സതീശൻ ആരോപിച്ചു. സിനിമയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം രംഗത്തെത്തി. ‘കേരളത്തിന്‍റെ കഥ ഇതല്ലെ’ന്ന കുറിപ്പുമായി തദ്ദേശമന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി.
പകയുടെയും വിദ്വേഷത്തിന്‍റെയും ഹിംസയുടെയും രാഷ്ട്രീയം കേരളത്തിൽ വിതക്കാനുള്ള സംഘ്പരിവാർ ഗൂഢാലോചനയുടെ പത്തിനീട്ടലാണിത്. യു.പിയിലെപ്പോലെ പൊലീസ് വലയത്തില്‍ ആളുകളെ നിഷ്കരുണം വെടിവെച്ച് കൊല്ലാന്‍ ആക്രമികള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം കേരളത്തിലുണ്ടാകില്ല. ഗുജറാത്തിലെപോലെ കൂട്ടക്കൊലയും കൂട്ട ബലാത്സംഗവും നടത്തിയ പ്രതികൾ കേരളത്തിലാണെങ്കിൽ സ്വൈരവിഹാരം നടത്തില്ല. ജയിലിൽ നിന്നിറങ്ങുന്ന അവരെ ഹാരമണിയിച്ച് സ്വീകരിക്കാൻ മന്ത്രിമാർ പോകുന്ന സംഘ്പരിവാർ സംസ്കാരവും കേരളത്തിൽ കാണില്ല.
രാജ്യത്തിന് അഭിമാനമായ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് തെരുവിൽ രാപ്പകൽ സമരം നടത്തേണ്ടിവരുന്ന ഗതികേടും കേരളത്തിലുണ്ടായിട്ടില്ലെന്നും രാജേഷ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.