ഫാഷിസത്തിനും വർഗീയതക്കുമെതിരായ കലഹം കാലഘട്ടത്തിന്റെ ആവശ്യം-എം. മുകുന്ദൻ
text_fieldsകൊല്ലം: ബഹുസ്വരതയും മതസൗഹാർദവും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഫാഷിസത്തിനും വർഗീയതക്കുമെതിരായ കലഹം കാലഘട്ടത്തിന്റെ ആവശ്യമാെണന്ന് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. ‘നിങ്ങൾ’ എന്ന തന്റെ കൃതി അതടക്കമുള്ള സമകാലിക പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം പ്രസ് ക്ലബിൽ മാസ് കൊല്ലം ഒരുക്കിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വംശീയതയും വർഗീയതയും നിങ്ങളുടെ ഉള്ളിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചുകൊണ്ടിരിക്കും എന്ന ‘നിങ്ങൾ’ നോവലിലെ കഥാപാത്രമായ ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ ഒാരോ പൗരനുമുള്ള മുന്നറിയിപ്പാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ താൻ വരച്ചുകാട്ടുന്ന മയ്യഴി ഇന്നില്ല. അതിന്റെ പരിസരവും മനുഷ്യനുമൊക്കെ മാറി. മദ്യത്തിന്റെ ആഘോഷവും അത് പ്രസരിപ്പിക്കുന്ന അസ്വസ്ഥതയും അവിടമാകെ മാറ്റിക്കഴിഞ്ഞു. 40000 മാത്രം ജനസംഖ്യയുള്ള മയ്യഴിയിൽ 56 മദ്യശാലകളാണുള്ളത്. കരൾ രോഗബാധിതരായി മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചു -അദ്ദേഹം ചൂണ്ടിക്കാട്ടി. മേയർ പ്രസന്ന ഏണസ്റ്റ് എം. മുകുന്ദനെ ആദരിച്ചു. സമ്മേളന ഉദ്ഘാടനവും നിർവഹിച്ചു. മാസ് ട്രഷറർ എ. സബീബുല്ല അധ്യക്ഷനായി. ഡോ. വസന്തകുമാർ സാംബശിവൻ, പ്രഫ. വി. ഹർഷകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. റഷീദ് സ്വാഗതവും വൈസ് പ്രസിഡന്റ് രാധ കാക്കനാടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.