വ്യാജന്മാരെക്കൊണ്ട് പൊറുതിമുട്ടി; സ്റ്റാർട്ടപ്പുകളുടെ സഹായം തേടി ലോട്ടറി വകുപ്പ്
text_fieldsകോട്ടയം: കുറച്ചുകാലമായി തലവേദനയും പ്രശ്നങ്ങളും സൃഷ്ടിക്കുന്ന ‘വ്യാജന്മാരെയും’ സമ്മാന ജേതാക്കളെയും കണ്ടെത്താൻ സ്റ്റാർട്ടപ് സംരംഭകരുടെ സഹായം തേടി സംസ്ഥാന ലോട്ടറി വകുപ്പ്. വ്യാജലോട്ടറി പ്രചരിപ്പിച്ചും സംസ്ഥാന ലോട്ടറിയുടെ പേരിലും നടക്കുന്ന തട്ടിപ്പുകൾകൊണ്ട് വലയുകയാണ് കുറച്ചുനാളായി ലോട്ടറി വകുപ്പ്. വകുപ്പിന്റെ പേരിൽ അന്യസംസ്ഥാന മലയാളികളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകളാണ് ഏറ്റവും ഒടുവിൽ. കേരള ഭാഗ്യക്കുറിയുടെ അതേ സീരിയൽ നമ്പറുകൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചാണ് ഈ സംഘം തട്ടിപ്പ് നടത്തുന്നത്.
ലോട്ടറി അടിച്ചെന്ന പ്രചാരണത്തിൽ കുടുങ്ങി അയൽസംസ്ഥാനങ്ങളിൽനിന്നും പലരും ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയതോടെയാണ് വ്യാജനെക്കുറിച്ച് വകുപ്പ് അറിയുന്നത്. അതിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസിലുൾപ്പെടെ പരാതി നൽകിയിട്ടും കാര്യമായ ഫലവുമുണ്ടായില്ല. ആ സാഹചര്യത്തിലാണ് സംസ്ഥാന ലോട്ടറിയുടെ ‘വ്യാജനെ’ പിടികൂടാൻ സ്റ്റാർട്ടപ് സംരംഭകരുടെ സഹായം തേടിയത്. വ്യാജന്മാരെ പോലെതന്നെ സമ്മാന ജേതാക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും വകുപ്പ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇത് കൂടുതൽ സമയമെടുക്കുന്നെന്ന പരാതിയുമുണ്ട്. അതിനും സ്റ്റാർട്ടപ്പുകളുടെ സഹായം തേടാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മുമ്പ് ഓൺലൈൻ ലോട്ടറിയായിരുന്നു വെല്ലുവിളിയെങ്കിൽ ഇപ്പോൾ വ്യാജനാണ് പ്രശ്നം. വ്യാജ ടിക്കറ്റുകൾ ഹാജരാക്കി സമ്മാനം തട്ടുന്നതിന് തടയിടുകയാണ് പ്രധാന ലക്ഷ്യം. വ്യാജ ലോട്ടറി തിരിച്ചറിയാനും ടിക്കറ്റിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ലോട്ടറി ഒറിജിനലാണോയെന്ന് കണ്ടെത്താനും പെട്ടെന്ന് ഈ പരിശോധന പൂർത്തിയാക്കാനും കഴിയുന്ന സംവിധാനം കൊണ്ടുവരാനാണ് ലോട്ടറി വകുപ്പ് ആഗ്രഹിക്കുന്നത്. ഈ സംവിധാനം ഒരുക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ഈമാസം 15 വരെ അപേക്ഷിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.