മുടിയിൽ ചായംപുരട്ടി എത്തിയ വിദ്യാർഥിക്ക് സ്കൂളിൽ വിലക്ക്; പ്രതിഷേധം
text_fieldsഅഞ്ചൽ: മുടിയിൽ ചായംപുരട്ടി പ്രവേശനോത്സവത്തിനെത്തിയ ആറാം ക്ലാസ് വിദ്യാർഥിക്ക് സ്കൂൾ അധികൃതർ പ്രവേശനം വിലക്കി. തുടർന്ന് വിദ്യാർഥി-യുവജന സംഘടനകൾ സമരം നടത്തി.
ആയൂർ ചെറുപുഷ്‌പം സെൻട്രൽ സ്കൂളിലെ പ്രവേശനോത്സവ പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ഇളമാട് അമ്പലംമുക്ക് സ്വദേശിയായ ആറാം ക്ലാസുകാരനാണ് സ്കൂൾ അധികൃതരിൽനിന്ന് അവഹേളനം നേരിടേണ്ടിവന്നത്.
രാവിലെ ക്ലാസിലെത്തിയ കുട്ടിയെ കണ്ട ക്ലാസ് ടീച്ചർ മുടിയിലെ ചായം തേച്ചത് പ്രശ്നമാണെന്ന് പറഞ്ഞ് കുട്ടിയെ പ്രഥമാധ്യാപകന്‍റെ മുറിയിലെത്തിച്ചു. കുട്ടിയെ ക്ലാസിലിരുത്താൻ കഴിയില്ലെന്ന് പ്രഥമാധ്യാപകൻ നിലപാടെടുത്തു. രക്ഷാകർത്താക്കൾ എത്തി പ്രഥമാധ്യാപകൻ ഉൾപ്പെടെയുള്ളവരോട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്കൂൾ മാനേജരും പ്രഥമാധ്യാപകന്‍റെ നിലപാടിനെ പിന്തുണച്ചു.
സംഭവമറിഞ്ഞ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിന്‍റെ ഓഫിസ് ഉപരോധിച്ചു. ഇതിനിടെ സ്കൂളിലെ അധ്യാപകേതര ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ശിശുക്ഷേമ സമിതി അധികൃതർ സ്കൂളിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒടുവിൽ രക്ഷാകർത്താവ് സ്കൂളിൽനിന്ന് ടി.സി വാങ്ങിയശേഷം കുട്ടിയെ തിരികെ കൊണ്ടുപോയി. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകുമെന്ന് രക്ഷാകർത്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.