വീടിന് കേരള ബാങ്കിന്റെ ജപ്തി നോട്ടീസ്; വിദ്യാർഥിനി ആത്മഹത്യ ചെയ്തു
text_fieldsശാസ്താംകോട്ട: വീട്ടിൽ കേരള ബാങ്കിന്റെ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തിൽ അജിയുടെയും ശാലിനിയുടെയും മകൾ അഭിരാമി(19) ആണ് മരിച്ചത്. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. വൃദ്ധയായ അമ്മൂമ്മ ശാന്തമ്മ മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവർ അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരള ബാങ്കിന്റെ പതാരം ശാഖയിൽ നിന്നും അജി എടുത്ത വായ്പ കുടിശ്ശികയായിരുന്നു. ബാങ്ക് മാനേജരും പൊലീസും ഉൾപ്പെടെയുള്ളവർ ചൊവ്വാഴ്ച പകൽ 11 ഓടെ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ച് മടങ്ങി. ഈ സമയം വീട്ടിൽ അഭിരാമിയുടെ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. വൈകീട്ടോടെ മാതാപിതാക്കൾ പതാരത്തെ ബാങ്കിലേക്ക് പോയി. ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടയിലാണ് ആത്മഹത്യ നടന്നതായ വിവരം ഇവരറിയുന്നത്.
കുടിശ്ശികയായ ഭൂമി ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിപ്പിക്കുന്ന ആദ്യഘട്ട നടപടിയാണ് നടന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. തുടർന്ന് ബാങ്ക് പത്രപരസ്യവും നൽകിയ ശേഷമാണ് ജപ്തി നടപ്പാക്കുന്നതെന്നും ഇവർ പറയുന്നു.
ശാസ്താംകോട്ട ഡിവൈ.എസ്.പി ഷെരീഫിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്കായി കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.