വിദ്യാർഥി യാത്ര ഇളവ്;വരുമാനം ബാധകമാക്കിയേക്കും
text_fieldsതിരുവനന്തപുരം: കുടുംബത്തിെൻറ വരുമാനത്തിന് ആനുപാതികമായി റേഷൻ കാർഡുകൾ മാനദണ്ഡമാക്കി വിദ്യാർഥികൾക്ക് ബസുകളിൽ യാത്ര ഇളവ് നിശ്ചയിക്കാൻ ആലോചന. രാത്രികാല ബസ് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിൽ. ബസ് നിരക്ക് വർധന പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രാമചന്ദ്രനുമായി നടത്തിയ ചർച്ചക്കുശേഷം മന്ത്രി ആൻറണി രാജുവാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബി.പി.എൽ വിദ്യാർഥികൾക്ക് യാത്ര പൂർണമായും സൗജന്യമാക്കണമെന്ന ആവശ്യം പരിഗണനയിലുണ്ട്. നിലവിൽ ഉയർന്ന വരുമാനമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെയാണ് ആനുകൂല്യം. കുടുംബ വരുമാനം മനസ്സിലാക്കാൻ മഞ്ഞ, പിങ്ക്, നീല, വെള്ള റേഷൻ കാർഡുകളുണ്ട്. റേഷൻ കാർഡ് മാനദണ്ഡമാക്കിയാൽ അർഹതപ്പെട്ട വിദ്യാർഥികൾക്ക് യാത്രാ ഇളവ് കിട്ടുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ രാത്രിയും പകലും ഒരേനിരക്കാണ് ഈടാക്കുന്നത്. രാത്രി യാത്രക്കാര്‍ കുറവായതിനാല്‍ സര്‍വിസ് നഷ്ടമാണെന്നാണ് ബസുടമകളുടെ പരാതി. ബസുടമകളും രാത്രി നിരക്ക് വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് സ്വകാര്യ ബസുകളിൽ റേഷൻ കാർഡുകൾക്ക് സമാനമായി വ്യത്യസ്ത നിരക്കിലുള്ള കൺസഷൻ കാർഡ് നൽകാൻ കഴിയുമെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് പ്രശ്നമുെണ്ടങ്കിലേ സംഘടനകളുമായി ഇനി ചർച്ച ചെയ്യേണ്ടതുള്ളൂ.
സ്വകാര്യ ബസുടമകൾ ഇതുവരെ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടില്ല. മിനിമം നിരക്ക് 10 രൂപയും കിലോമീറ്റർ നിരക്ക് 90 പൈസയും വിദ്യാർഥികൾക്ക് മിനിമം അഞ്ചുരൂപയും ആക്കണമെന്നാണ് രാമചന്ദ്രൻ കമ്മിറ്റി ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.