വിദ്യാർഥികളുടെ വിവരശേഖരണം: പെടാപാടുമായി അധ്യാപകർ
text_fieldsവേങ്ങര: സംസ്ഥാനത്തെ അധ്യാപകർക്ക് പുതിയ ജോലിഭാരം നൽകി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. കേന്ദ്ര സർക്കാറിനുവേണ്ടി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിശദ വിവരങ്ങൾ ശേഖരിച്ച് നൽകണമെന്ന നിർദേശമാണ് പുതിയ ഉത്തരവിലൂടെ വകുപ്പ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ അധ്യാപകർ രംഗത്തെത്തി. അധികഭാരം കെട്ടിയേൽപിക്കുന്നത് സ്കൂളുകളുടെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും 56 ഇനം വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള വെബ് സൈറ്റിൽ (യുഡൈസ് പ്ലസ്) അപ് ലോഡ് ചെയ്യാനാണ് നിർദേശം. ആധാർ നമ്പറുകൾ, മൊബൈൽ നമ്പറുകൾ, ഇ മെയിൽ, മതം, ജാതി, സാമ്പത്തിക പിന്നാക്കാവസ്ഥ തുടങ്ങിയ 56 വിവരങ്ങൾ നൽകണം. 2022-23 വിദ്യാഭ്യാസ വർഷം പഠനം പൂർത്തിയാക്കി പുറത്തുപോയവർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളും ശേഖരിച്ചുനൽകണം.
കേന്ദ്ര നിർദേശത്തെ തുടർന്ന് ഇക്കാര്യങ്ങൾ അടിയന്തരമായി ശേഖരിച്ച് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യാൻ ജില്ല വിദ്യാഭ്യാസ ഓഫിസർമാർ, ഹയർ സെക്കൻഡറി ഓഫിസർമാർ എന്നിവർ വഴി സ്കൂളുകൾക്ക് നേരത്തേ നിർദേശം നൽകിയിട്ടുണ്ട്.
ആഗസ്റ്റ് 31ന് മുമ്പ് പൂർത്തിയാക്കണമെന്ന് നേരത്തേ നിർദേശം ഉണ്ടായിരുന്നെങ്കിലും സെപ്റ്റംബർ രണ്ടിന് മുമ്പ് പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ ഓഫിസർമാർ മുഖേന പ്രധാനധ്യാപകർക്ക് വീണ്ടും നിർദേശം വന്നിട്ടുള്ളത്.
500 മുതൽ 2,000 വരെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ എങ്ങനെയാണ് ഇത്തരമൊരു ബൃഹത്തായ സർവേ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുക എന്ന വേവലാതിയിലാണ് അധ്യാപകർ. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യക്തിഗത വിവരങ്ങൾ കേന്ദ്രത്തിന് നൽകുന്നതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് അധ്യാപക സംഘടനകളും എതിർപ്പുമായി രംഗത്തെത്തിയത്.
മുൻ വർഷങ്ങളിൽ സർവശിക്ഷ കേരളയുടെ (എസ്.എസ്.കെ) ഭാഗമായി 20 ഇനം വിവരങ്ങൾ ശേഖരിച്ച് അപ് ലോഡ് ചെയ്തിരുന്നു. ഇത് കേന്ദ്രമന്ത്രാലയത്തിനും കൈമാറിയിരുന്നു. അതിനു പുറമെയാണ് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് നൽകാൻ നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.