ബസിന്റെ ടയർ പൊട്ടി വൻശബ്ദം; സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു
text_fieldsതിരുവനന്തപുരം: പി.എം.ജിയിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ മറിഞ്ഞ് കോളജ് വിദ്യാർഥിനി മരിച്ചു. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപിക ഭവനിൽ ഉദയിന്റെയും നിഷയുടെയും മകളും മാർ ഇവാനിയോസ് കോളജിലെ മൂന്നാംവർഷ അനലിറ്റിക്കൽ ഇക്കണോമിക്സ് വിദ്യാർഥിനിയുമായ ഗോപിക ഉദയ് ആണ് (20) മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ഓടെ പി.എം.ജിയിൽ ആയിരുന്നു സംഭവം.
സഹോദരി ജ്യോതികയ്ക്കൊപ്പം ജിംനേഷ്യത്തിൽ പോയ ശേഷം മാതാവ് നിഷയുടെ മരപ്പാലത്തുള്ള ഫ്ലാറ്റിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പി.എം.ജിയിൽ സമീപത്തുകൂടി പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പിറകിലെ വലതുവശത്തെ ടയർ പൊട്ടി പഞ്ചറായി. ടയർ പൊട്ടിയപ്പോഴുണ്ടായ വൻശബ്ദം കേട്ട് സ്കൂട്ടറിന്റെ നിയന്ത്രണംനഷ്ടമായി ഗോപിക റോഡിൽ തലയിടിച്ച് വീണതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റു. ഉടൻ നാട്ടുകാർ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജ്യോതികയ്ക്ക് കാര്യമായ പരിക്കുകളില്ല. ബസ് സ്കൂട്ടറിൽ ഇടിച്ചതിന് പ്രാഥമിക പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സി.സി ടിവി കാമറകൾ പരിശോധിച്ചാലേ അപകടം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂവെന്ന് മ്യൂസിയം സി.ഐ പറഞ്ഞു. ഗോപികയുടെ നിര്യാണത്തെ തുടർന്ന് ചൊവ്വാഴ്ച കോളജിന് അവധി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.