ലോറി സ്കൂട്ടറിലിടിച്ച് വിദ്യാർഥിനിക്ക് വീടിന് മുന്നിൽ ദാരുണാന്ത്യം
text_fieldsതൃശൂർ: വീട്ടിൽനിന്ന് സ്കൂട്ടറിൽ കോളജിലേക്ക് പോകുന്നതിനിടെ ലോറിയിടിച്ച് വിദ്യാർഥിനിക്ക് മാതാവിന്റെ കൺമുന്നിൽ ദാരുണാന്ത്യം. വിയ്യൂർ പവർ സ്റ്റേഷന് സമീപം മമ്പാട് പരേതനായ രാമകൃഷ്ണന്റെ മകൾ റെനീഷയാണ് (22) മരിച്ചത്. ബുധനാഴ്ച രാവിലെ 8.30നായിരുന്നു അപകടം.
വീട്ടിൽനിന്ന് നിർമിച്ച പടിയിലൂടെ റോഡിലേക്ക് ഇറക്കുന്നതിനിടെ സ്കൂട്ടറിൽ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. തൃശൂരിൽനിന്ന് അരി കയറ്റി പോവുകയായിരുന്ന ലോറിയുടെ പിൻചക്രം ദേഹത്തുകൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ റെനീഷ മരിച്ചതായി നാട്ടുകാർ പറഞ്ഞു. അരണാട്ടുകരയിലെ കാലിക്കറ്റ് സർവകലാശാല ഡോ. ജോൺ മത്തായി സെന്ററിൽ എം.ബി.എ ഇന്റർനാഷനൽ ഫിനാൻസ് വിദ്യാർഥിനിയാണ് റെനീഷ. മാതാവ് സുനിത വീടിനോട് ചേർന്ന് ഫെയ്സ് ടു ഫെയ്സ് ബ്യൂട്ടിപാർലർ സ്ഥാപനം നടത്തുകയാണ്. സഹോദരി: റിഷ്ന സുമേഷ്. സ്വർണപ്പണിക്കാരനായ അച്ഛൻ രാമകൃഷ്ണൻ കോവിഡ് ബാധിച്ച് ഒരു വർഷം മുമ്പാണ് മരിച്ചത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പഞ്ചാബിൽ സൈനികനായി ജോലി ചെയ്യുന്ന സഹോദരി ഭർത്താവ് സുമേഷ് എത്തിയ ശേഷം വ്യാഴാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തും. വിയ്യൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.