ജൂസ് കുടിച്ചയുടന്‍ വിദ്യാര്‍ഥിയുടെ മരണം: 11 വർഷത്തിനുശേഷം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്
text_fieldsകൊച്ചി: 11 വർഷം മുമ്പ് കൊല്ലം പുനലൂരില്‍ ബേക്കറിയില്‍നിന്ന് വാങ്ങിയ ജൂസ് കുടിച്ചയുടന്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തിലെ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈകോടതി. മകന് റാണാ പ്രതാപ് സിങ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പുനലൂർ പൊലീസും ക്രൈംബ്രാഞ്ചും എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നാരോപിച്ച് പിതാവ് സുധീന്ദ്ര പ്രസാദ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഹരജി പരിഗണനയിലിരിക്കേ സുധീന്ദ്ര പ്രസാദ് മരിച്ചതിനെ തുടർന്ന് മറ്റൊരു മകൻ ഛത്രപതി ശിവജിയെ ഹരജിക്കാരനാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2011 മാര്‍ച്ച് 26ന് അവസാന എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞശേഷം റാണാ പ്രതാപ് സിങും സുഹൃത്തുക്കളും സമീപത്തെ ബേക്കറിയിൽനിന്ന് ജൂസ് വാങ്ങിക്കഴിച്ചിരുന്നു. ഒരു മണിക്കൂറിന് ശേഷം 4.30ഓടെ റാണാ പ്രതാപ് സിങ് മരിച്ചെന്നാണ് കേസ്. സുഹൃത്തുക്കൾക്ക് പ്രശ്നമൊന്നുമുണ്ടായില്ല. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ആമാശയത്തില്‍ ഫോര്‍മിക് ആസിഡ് കണ്ടെത്തിയിരുന്നു.
വിഷബാധ ഉണ്ടായതെങ്ങനെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ടും ഗുണമുണ്ടായില്ല. തുടർ അന്വേഷണത്തിൽ നരഹത്യയാണെന്ന ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചെങ്കിലും കൃത്യത വരുത്താനായില്ല. നാല് സഹപാഠികൾക്ക് നേരെ സംശയമുന നീണ്ടെങ്കിലും അവർ ഉൾപ്പെട്ടുവെന്നതിന് തെളിവൊന്നും കണ്ടെത്താനായില്ല.
അന്തിമ റിപ്പോർട്ട് നൽകിയതിന് പിന്നാലെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.. വിദ്യാർഥിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ വസ്ത്രത്തിലും ചിലരുടെ ബാഗിലും വിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. നരഹത്യയെന്ന് ശാസ്തീയ പരിശോധനയിൽ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. വിഷമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുണ്ട്. ആത്മഹത്യ സാധ്യത തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. അന്വേഷണം സി.ബി.ഐക്ക് വിടാൻ മതിയായ കേസാണിതെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.