കാറും ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു; മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്
text_fieldsമൂവാറ്റുപുഴ: അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മൂവാറ്റുപുഴ-പിറവം റോഡിൽ എയ്ഞ്ചൽ വോയ്സ് ജങ്ഷനിൽ വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം. കോതമംഗലം എം.എ എൻജിനീയറിങ് കോളജ് വിദ്യാർഥി തൃശൂർ പൊറത്തിശ്ശേരി കല്ലട ക്ഷേത്രത്തിനുസമീപം ചെല്ലിക്കര വീട്ടിൽ സുനി-കവിത ദമ്പതികളുടെ മകൻ സിദ്ധാർഥാണ് (18) മരിച്ചത്. ഗുരുതര പരിക്കേറ്റ െനല്ലിക്കുഴി സ്വദേശിനി ഫാത്തിമ (19), മലപ്പുറം ഇല്ലിക്കൽ അഫ്റ അഷൂർ (19) എന്നിവരെ രാജഗിരി ആശുപത്രിയിലും ഓടക്കാലി മലേക്കുഴി ഐഷ പർവീണിനെ (19) മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻററിലും പ്രവേശിപ്പിച്ചു.
കോളജിൽ എക്സിബിഷൻ നടക്കുന്നതിനാൽ പാമ്പാക്കുട പഞ്ചായത്തിലെ അരീക്കൽ വെള്ളച്ചാട്ടം കാണാൻ പോയി മടങ്ങുകയായിരുന്നു വിദ്യാർഥികൾ. ഇവർ സഞ്ചരിച്ച കാർ മാറാടി എയ്ഞ്ചൽ വോയ്സ് ജങ്ഷനിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മൂവാറ്റുപുഴയിൽനിന്ന് വൈക്കത്തിനു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് വിദ്യാർഥികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിെച്ചങ്കിലും സിദ്ധാർഥ് മരിച്ചു. രണ്ടാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് മരിച്ച സിദ്ധാർഥ്. ഒരു സഹോദരി ഉണ്ട്. സിദ്ധാർഥിന്‍റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ആറ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.