തൃശൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു; കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി
text_fieldsതൃശൂർ: കാലവർഷം ശക്തമായ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. തൃശൂർ അരിപ്പാലത്ത് മീൻ പിടിക്കുന്നതിനിടെ തോട്ടിൽ കാൽ വഴുതി വീണ് വിദ്യാർഥി മരിച്ചു. പടിയൂർ സ്വദേശി വെറോൺ (20) ആണ് മരിച്ചത്.
കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒഴുക്കിൽപെട്ട് കാരക്കുറ്റി സ്വദേശി ഹസ്സൻ കുട്ടിയെ കാണാതായി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വെള്ളം കയറുന്ന സ്ഥലങ്ങളിൽ നിന്നും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ജില്ല കലക്ടർ എ. ഗീത തഹസീൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ മലയോര മേഖലയിൽ രാത്രി യാത്രക്ക് വിലക്ക് ഏർപ്പെടുത്തി.
അതേ സമയം, മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി ബുധനാഴ്ച തൃശൂർ, കാസർകോട്, കണ്ണൂർ, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കാസർകോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.