വിദ്യാർഥി യാത്രനിരക്ക്: റിപ്പോർട്ട് വൈകും, ഒത്തുതീർപ്പിന് വഴിമുട്ടും
text_fieldsതിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രനിരക്ക് ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിയോഗിച്ച കമീഷന്റെ റിപ്പോർട്ട് വൈകും. കൺസഷൻ നിരക്ക് വർധന പ്രധാന ആവശ്യമായി ഉന്നയിച്ച് സ്വകാര്യ ബസുടമകൾ ജൂൺ ഏഴു മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ സമയപരിധിക്കുള്ളിൽ തീരുമാനമുണ്ടാകില്ലെന്ന് വ്യക്തമായി.
നിരക്ക് ഭേദഗതി സംബന്ധിച്ച തീരുമാനങ്ങൾക്ക് അനിവാര്യമായ വേണ്ടത്ര ഡേറ്റയും വിവരങ്ങളും ഇനിയും കിട്ടാനുണ്ട് എന്നാണ് കമീഷന്റെ നിലപാട്. ഒരു സ്വകാര്യ ബസിൽ എത്ര വിദ്യാർഥികൾ കയറുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരം വേണം. ഇതോടൊപ്പം ബസുടമകളുടെ പ്രവർത്തന ചെലവിൽ എത്ര മാറ്റം വന്നു എന്നത് സംബന്ധിച്ച പഠനവും നടത്തണം.
അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിദ്യാർഥി യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിക്കാനുണ്ട്. ഈ മാസംതന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ആലോചിച്ചതെങ്കിലും ഡേറ്റയുടെ കുറവും പഠനം പൂർത്തിയാക്കാനെടുക്കുന്ന സമയവും കണക്കിലെടുക്കുമ്പോൾ റിപ്പോർട്ട് ഒരു മാസം കൂടി വൈകുമെന്നാണ് കമീഷൻ നിലപാട്. ഇക്കാര്യം സർക്കാറിനെയും അറിയിച്ചിട്ടുണ്ട്.
സമരത്തിന് ആധാരമായി ബസുടമകൾ ഉന്നയിക്കുന്ന മറ്റൊരു വിഷയം സ്വകാര്യബസുകളുടെ സഞ്ചാര ദൂരം 140 കിലോമീറ്റർ എന്ന പരിധി എടുത്തുകളയണമെന്നതാണ്. ഇതാകട്ടെ നിയമപരമായി നിലനിൽക്കുന്നതല്ല. കമീഷൻ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ വിദ്യാർഥി യാത്രനിരക്കിൽ തീരുമാനമെടുക്കാനാകൂവെന്നാണ് സർക്കാർ നിലപാട്.
ഫലത്തിൽ ബസുടമകൾക്ക് മുന്നിൽ ഒത്തുതീർപ്പ് സാധ്യതകൾ വഴിമുട്ടുകയാണ്. പൊതുവിൽ ബസ് ചാർജ് വർധന സംബന്ധിച്ച് പഠനം നടത്തുന്നതിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ സംസ്ഥാനത്തെ വിദ്യാർഥികളുടെ യാത്ര ഇളവിനുള്ള പ്രായപരിധി 17 വയസ്സായി പരിമിതപ്പെടുത്തണമെന്ന ശിപാർശയോടെ നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഒപ്പം ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് മാത്രം കൺസഷൻ അനുവദിച്ചാൽ മതിയെന്നും മറ്റു വിഭാഗം വിദ്യാർഥികൾക്ക് സാധാരണ നിരക്കാണ് ബാധകമാക്കേണ്ടതെന്നുമായിരുന്നു ശിപാർശ.
എന്നാൽ, ഇക്കാര്യം അംഗീകരിക്കാതിരുന്ന സർക്കാർ പകരം വിദ്യാർഥി യാത്രനിരക്ക് പഠിക്കാൻ മാത്രം പ്രത്യേക കമീഷനെ നിയോഗിക്കുകയായിരുന്നു. 1961ൽ കൺസഷൻ ആരംഭിക്കുമ്പോൾ പൊതു ചാർജിന്റെ 50 ശതമാനമായിരുന്നു വിദ്യാർഥി യാത്രനിരക്ക് എന്ന ന്യായമുന്നയിച്ചാണ് നിരക്ക് വർധനക്കുള്ള സ്വകാര്യ ബസുകളുടെ സമ്മർദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.