വിദ്യാർഥിയെ തീചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവം: ഹൈകോടതി കലക്ടറുടെ റിപ്പോർട്ട് തേടി
text_fieldsകൊച്ചി: ചിറക്കൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയെക്കൊണ്ട് തീചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവത്തിൽ ഹൈകോടതി കണ്ണൂർ ജില്ല കലക്ടറുടെ റിപ്പോർട്ട് തേടി. വടക്കൻ മലബാർ മേഖലയിൽ കുട്ടികളെ ഉപയോഗിച്ച് തീചാമുണ്ഡി തെയ്യം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കോട്ടക്കലിലെ ദിശയെന്ന സംഘടന നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
കുട്ടി സ്വമേധയാ ആണ് തെയ്യം കെട്ടിയത് എന്ന തരത്തിൽ പൊലീസ് നൽകിയ റിപ്പോർട്ട് പരിഗണിച്ച കോടതി കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഇത്തരത്തിൽ സമ്മതം നൽകാനാകില്ലെന്ന് വിലയിരുത്തി അത് തള്ളി. തുടർന്നാണ് കലക്ടറുടെ റിപ്പോർട്ട് തേടിയത്.
ഏപ്രിൽ ആറിന് ചിറക്കൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയെക്കൊണ്ട് തീചാമുണ്ഡി തെയ്യമെന്നും അഗ്നിക്കോലമെന്നും അറിയപ്പെടുന്ന തെയ്യം കെട്ടിച്ചിരുന്നു. എരിയുന്ന കനലിലൂടെ കുതിച്ചു ചാടുന്ന ഈ തെയ്യം കെട്ടാൻ കുട്ടികളെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം. പിന്നാക്ക വിഭാഗത്തിലെ കുട്ടികളെയാണ് ഇതിന് നിയോഗിക്കുന്നതെന്നും പഴയ ജന്മി വ്യവസ്ഥയുടെ അവശിഷ്ടമാണ് ഇത്തരം ആചാരങ്ങളെന്നും ഹരജിക്കാർ വാദിച്ചു.
സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടർന്ന് സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തിരുന്നു. ഹരജിയിൽ മലബാർ ദേവസ്വം ബോർഡിനെയും തെയ്യം നടത്തിയ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റികളെയും കക്ഷി ചേർക്കാൻ നേരത്തേ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.