കന്യാസ്ത്രീ മഠത്തിലെ വിദ്യാർഥിനിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
text_fieldsതിരുവല്ല: പാലിയേക്കരയിലെ കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർഥിനിയെ മഠത്തിനോട് ചേർന്ന കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മുങ്ങിമരണമാണെന്നാണ് റിപ്പോർട്ടിലുള്ളത്.
ബലപ്രയോഗത്തിെൻറ പാടുകളൊന്നും ശരീരത്തിലില്ല. കാലുകളിൽ ചെറിയ മുറിവുകളുണ്ടെങ്കിലും അത് വീഴ്ചയിൽ സംഭവിച്ചതാണ്. ആ മുറിവുകൾ മരണകാരണവുമല്ല എന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. സംഭവം സംബന്ധിച്ച് സംസ്ഥാന വനിത കമിഷൻ ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി.
മുങ്ങിമരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന വിദ്യാർഥിനി ആത്മഹത്യ ചെയ്തതാണെന്ന സൂചനയാണ് നൽകുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിൽ പൊലീസ് സർജെൻറ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. 21 വയസുള്ള വിദ്യാർഥിനി ആത്മഹത്യ ചെയ്യാനിടയാകുംവിധം ആശ്രമത്തിലുണ്ടായ സാഹചര്യം എന്തെന്ന ചോദ്യം ഉയരുന്നു.
ജില്ല പൊലീസ് മേധാവി കെ. ജി സൈമൺ സംഭവ സ്ഥലം സന്ദർശിച്ചതിന് പിന്നാലെ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിെല അഞ്ചാം വർഷ വിദ്യാർഥിനിയും സി.ആർ.പി.എഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥനും ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ വീട്ടിൽ ജോൺ ഫിലിപ്പോസ് - കൊച്ചുമോൾ ദമ്പതികളുടെ മകളുമായ ദിവ്യ പി. ജോൺ (21) നെ മഠത്തിെലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മരണപ്പെട്ട ദിവ്യയുടെ ശരീരത്തിെൻറ വ്യാസവും മൃതദേഹം കാണപ്പെട്ട കിണറിെൻറ ഇരുമ്പ് മേൽ മൂടിയുടെ അടപ്പിെൻറ വ്യാസവും പൊലീസ് രേഖപ്പെടുത്തി. ഫോറൻസിക് സംഘത്തിെൻറ റിപ്പോർട്ട് കൂടി ലഭിച്ചാലേ സംഭവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാകു എന്നാണ് തിരുവല്ല സി.ഐ അറിയിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. മഠത്തിെല പതിവ് പ്രാർഥന ചടങ്ങുകൾക്ക് ശേഷം പഠന ക്ലാസ് നടക്കവേ മുറിവിട്ടിറങ്ങി പുറത്തുപോയ ദിവ്യ കെട്ടിടത്തിനോട് ചേർന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക്
ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. രാവിലെ പതിനൊന്നേകാലോടെയാണ് ദിവ്യ കിണറ്റിൽ ചാടിയെതെന്നാണ് മൊഴിയിൽ പറയുന്നത്. കിണറിെൻറ ഇരുമ്പ് മേൽ മൂടിയുടെ ഒരു ഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ സിസ്റ്റർ മൊഴി നൽകിയിട്ടുണ്ട്. മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ ജോൺസിയാണ് 11.45 ഓടെ പൊലീസിൽ വിവരമറിയിച്ചത്.
പൊലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 12 മണിയോടെ ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഫയർ ഫോഴ്സ് സംഘമെത്തും മുമ്പ് ആംബുലൻസ് മഠത്തിൽ എത്തിയതും മഠത്തിെൻറ ഉടമസ്ഥതയിലുള്ള പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയതും സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നതായ ആരോപണങ്ങളും ഇതിനിടെ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.