ബ്ലാസ്റ്റേഴ്സ് മത്സരം കണ്ടുമടങ്ങിയ വിദ്യാർഥി റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ
text_fieldsഅങ്കമാലി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽനിന്ന് വീണു മരിച്ച നിലയിൽ. അങ്കമാലി കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) വീട്ടിൽ പ്രകാശിന്റെ മകൻ ഡോണാണ് (24) മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിൽ കൊച്ചിയിൽ ഞായറാഴ്ച നടന്ന മത്സരം കഴിഞ്ഞ് കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങവെ കറുകുറ്റി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിൻ ഇറങ്ങിയാൽ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ അങ്കമാലി സ്റ്റേഷനിൽ വരണമെന്ന് ഡോൺ ജ്യേഷ്ഠനോട് പറഞ്ഞിരുന്നു. എന്നാൽ, ട്രെയിനിൽ കയറിയ ശേഷമാണ് അതിന് അങ്കമാലിയിൽ സ്റ്റോപ്പില്ലെന്നറിഞ്ഞത്. ജ്യേഷ്ഠനെ വിളിച്ച് തൃശൂരിൽ മാത്രമേ നിർത്തുകയുള്ളുവെന്ന് അറിയിച്ചിരുന്നു. പിന്നീട് വീട്ടുകാർ രാത്രി വൈകി ഡോണിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല.
തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ടവർ ലൊക്കേഷൻ വഴി നടത്തിയ അന്വേഷണത്തിൽ കറുകുറ്റി ഭാഗത്തുള്ളതായി തെളിഞ്ഞു. കറുകുറ്റി റെയിൽവെ സ്റ്റേഷനിലും പരിസരത്തും പൊലീസും വീട്ടുകാരും അന്വേഷണം നടത്തിയെങ്കിലും മഴയും ഇരുട്ടും മൂലം എവിടെയാണെന്നറിയാനാകാതെ മടങ്ങി. പിന്നീട് രാവിലെ നടത്തിയ അന്വേഷണത്തിലാണ് രണ്ട് ട്രാക്കുകളുടെ മധ്യഭാഗത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.
കറുകുറ്റി ഭാഗത്ത് റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ വേഗത കുറച്ചാണ് പോയത്. ഈ സമയം ഇറങ്ങാൻ ശ്രമിച്ചപ്പോഴോ മറ്റോ അപകടത്തിൽപ്പെട്ടതാകുമെന്നാണ് കരുതുന്നത്.
എറണാകുളത്ത് സി.എക്ക് പഠിക്കുകയാണ് ഡോൺ. അമ്മ: മോളി. ഏക സഹോദരൻ: ഡാലിൻ. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കറുകുറ്റി സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.