അർധരാത്രി വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥി സ്കൂളില്‍ തൂങ്ങിമരിച്ചനിലയില്‍
text_fieldsകാട്ടാക്കട (തിരുവനന്തപുരം): അര്‍ധരാത്രി വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിയെ പഠിക്കുന്ന സ്കൂളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വര്‍ഷ വി.എച്ച്.എസ്.സി വിദ്യാർഥി കുറ്റിച്ചൽ തച്ചന്‍കോട് അനില്‍ ഭവനില്‍ സംഗീതാ ബാബു-ബെന്നി ജോർജ് ദമ്പതികളുടെ മകന് എബ്രഹാം ബെൻസൺ (16) ആണ് മരിച്ചത്.
ഒന്നാം വർഷ പരീക്ഷ എഴുതാൻ കഴിയില്ലെന്ന മനോവിഷമവും സ്കൂളിലെ വി.എച്ച്.എസ്.സി അധികൃതരുടെ മോശം പെരുമാറ്റവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന മോഡൽ പരീക്ഷക്ക് മുന്നോടിയായി റെക്കോഡ് പൂർത്തിയാക്കി നല്‍കുന്നതിന് വി.എച്ച്.എസ്.സി വിഭാഗം തടസ്സം നിന്നെന്നാണ് ആരോപണം.
വ്യാഴാഴ്ച രാവിലെ അബ്രഹാം ബെൻസൺ റെക്കോഡ് ബുക്ക് സീൽ ചെയ്തു കിട്ടാൻ സ്കൂളിലെ ഓഫിസിലെത്തിയിരുന്നു. സെക്ഷൻ കൈകാര്യം ചെയ്തിരുന്ന ജീവനക്കാരന് റെക്കോഡ് ബുക്കില്‍ സീല്‍ ചെയ്തുനൽകാൻ വിസ്സമ്മതിച്ചതായും മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് അസഭ്യം പറഞ്ഞതായും സഹപാഠികൾ പറയുന്നു. പിന്നാലെ, പ്രിൻസിപ്പൽ രക്ഷിതാവിനെ ഫോണില്‍ വിളിച്ച് സ്കൂളിലെത്താന്‍ ആവശ്യപ്പെട്ടത്രെ.
ഇതിനെ തുടര്‍ന്ന് ക്ലാസില്‍ നിരാശനായി ഇരുന്ന വിദ്യാര്‍ഥി വീട്ടിലെത്തിയശേഷവും വിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാൽ ഒരു വിദ്യാർഥിയുടെയും റെക്കോഡ് ഒപ്പിട്ട് സീൽ ചെയ്ത് നൽകാതിരുന്നിട്ടില്ലെന്ന് പ്രിൻസിപ്പൽ പ്രീത ബാബു പറഞ്ഞു. മരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.