സ്റ്റുഡന്‍റ് പൊലീസ് പദ്ധതി പ്രതിസന്ധിയില്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ മാതൃകാപദ്ധതിയായി വാഴ്ത്തിയ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് (എസ്.പി.സി) പദ്ധതി പ്രതിസന്ധിയില്‍. പദ്ധതി നടത്തിപ്പിനാവശ്യമായ പണം ഇതുവരെ ലഭിക്കാതായതോടെ സ്കൂളിലെ ചുമതലക്കാരായ അധ്യാപകര്‍ കടക്കാരായി. പുതിയ അധ്യയനവര്‍ഷം തുടങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും കാഡറ്റുകള്‍ക്ക് യൂനിഫോമിന് പോലും പണം അനുവദിച്ചിട്ടില്ല.
എല്ലാവര്‍ഷവും ആഗസ്റ്റ് രണ്ടിന് എസ്.പി.സി ദിനാഘോഷം നടത്താറുണ്ടെങ്കിലും ഇത്തവണ അതും മുടങ്ങി. കാഡറ്റുകള്‍ക്ക് സ്കൂള്‍, ജില്ല, സംസ്ഥാനതലത്തില്‍ ക്വിസ്മത്സരം സംഘടിപ്പിക്കുന്നതും ഇത്തവണ നടന്നില്ല. കാഡറ്റുകളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയവരെ ആദരിക്കുന്ന ചടങ്ങും നടത്തിയില്ല. 1743 കാഡറ്റുകള്‍ക്ക് ഇത്തരത്തില്‍ ആദരം ലഭിക്കേണ്ടതായിരുന്നു.
പൊലീസില്‍ ഡി.ഐ.ജി പി. വിജയനായിരുന്നു എസ്.പി.സിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നോഡല്‍ ഓഫിസര്‍ പദവിക്കുപകരം എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രോജക്ട് മാനേജ്മെന്‍റ് നോഡല്‍ കമ്മിറ്റി നിലവില്‍ വന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിന് പകരം ഡി.ജി.പിയുടെ പ്രൊസീഡിങ്സ് മാത്രമാണ് പുറത്തിറങ്ങിയത്. ഇതുകാരണം കമ്മിറ്റിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്.
എസ്.പി.സിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരുന്നുമുണ്ട്. ചുമതലയുള്ള എ.ഡി.ജി.പിക്കാകട്ടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുമാകുന്നില്ല. ഇതുവരെ കമ്മിറ്റിയുടെ യോഗം പോലും ചേര്‍ന്നിട്ടില്ല. ഈ സാമ്പത്തികവര്‍ഷത്തില്‍ 10.7 കോടി രൂപ എസ്.പി.സിക്ക് വകയിരുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ട് ഇല്ലാത്തതിനാല്‍ പൊലീസ് മോഡേണൈസേഷന്‍ ഫണ്ടിലേക്കാണ് തുക അനുവദിച്ചത്.
പദ്ധതി നടപ്പാക്കുന്ന സ്കൂളുകളില്‍ ചുമതലയുള്ള അധ്യാപകര്‍ സ്വന്തം കീശയില്‍ നിന്ന് പണം ചെലവഴിച്ചാണ് പലപരിപാടികളും ഏറ്റെടുത്ത് നടത്തിയത്. പലര്‍ക്കും ആയിരക്കണക്കിന് രൂപ വീതം ഈ ഇനത്തില്‍ ലഭിക്കാനുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ തുടക്കമിട്ട പദ്ധതിയുടെ വിജയത്തെതുടര്‍ന്ന് ഒട്ടേറെ സംസ്ഥാനങ്ങളും കേരളത്തില്‍ വന്ന് വിവരങ്ങള്‍ ശേഖരിച്ച് പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.